കൊല്ലം: ചോദിച്ച തുക പിരിവ് നല്‍കില്ലെന്ന് അറിയിച്ചതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. ബിജെപി ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെതിരെയാണ് കേസെടുത്തത്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

5000 രൂപ പിരിവ് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 3000 രൂപ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് മനോജ് അറിയിച്ചു. വര്‍ഷത്തില്‍ ഒരു പിരിവ് മാത്രമാണ് ഉള്ളതെന്നും 5000 വേണമെന്നും നേതാവ് ആവശ്യപ്പെട്ടു. നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഭീഷണിപ്പെടുത്തിയത്. നേതാവ് അസഭ്യ വര്‍ഷം നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ ശബ്ദരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മനോജ് നല്‍കി. പിന്നീട് വാര്‍ത്താ ചാനലുകള്‍ ഈ ശബ്ദരേഖ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടെ സുഭാഷിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.