ഡല്‍ഹിയിലെ ബവാന മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇരുപത്തിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് വെറും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഫലമായി മാത്രം കാണാനാവില്ലെന്ന് ആംആദ്മി പാര്‍ട്ടി. ഇന്ത്യന്‍ രാഷ്ട്രീയം ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. എല്ലായിടത്തും മോദി വന്‍വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ട് മോദി ജീവിക്കുന്ന ഡല്‍ഹിയില്‍ മാത്രം ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നു എന്ന പ്രാഥമികമായ ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് എളുപ്പമല്ല. 2019തില്‍ മോഡിയെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനോ പഴയ സോഷ്യലിസ്റ്റുകള്‍ക്കോ, ഇടതുപക്ഷ കക്ഷികള്‍ക്കോ യാതൊരു മറുപടിയുമില്ല. എന്നാല്‍ ഇതാ മോദിയുടെ ഡല്‍ഹിയില്‍ നിന്നും അതിനുള്ള മറുപടി വന്നു കഴിഞ്ഞു.

ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ചലനമാണ്, അവിടെ വോട്ടിങ് മെഷിനില്‍ വിവിപാറ്റ് ഏര്‍പ്പെടുത്തിയതു കൊണ്ടുമാത്രം അവിടെ ഇത്തവണ ജനവിധി നടപ്പിലായി എന്ന് കരുതേണ്ടിയിരിക്കുന്നു. അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടക്കം വോട്ടിങ് മെഷിന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് സാധൂകരിക്കുന്ന വിധമുള്ള തെരഞ്ഞെടുപ്പ് ഫലം ആണ് ഇപ്പോള്‍ വന്നിട്ടുള്ളത്.
ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് എടുക്കാതെ പോയി.

തീര്‍ച്ചയായും ശരിയായ നിലപാടെടുത്ത ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇത്. സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ഇവിടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചു വരാനാകില്ല എന്ന് ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലായിരിക്കുന്നു. പക്ഷേ മോഡിയെ രാഷ്ട്രീയമായി നേരിടാന്‍ ശേഷിയില്ലാത്തവര്‍ ആണ് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ കക്ഷികള്‍ എന്നതും വ്യക്തമായിരിക്കുന്നു. തീര്‍ച്ചയായും ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനം ആയി തന്നെ ഇതിനെ കാണണം.