ഇന്ത്യന്‍ മതേതരത്വത്തിനു വേണ്ടിയും പത്ര-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയും ധീരമായി തൂലിക പടവാളാക്കിയ പത്രപ്രവര്‍ത്തകയെയും സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയും ആണ്, ഗൗരി ലങ്കേഷിന്റെ വധത്തിലൂടെ രാഷ്ട്രത്തിനു നഷ്ടമായതെന്ന് ആംആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ഗൗരി ലങ്കേഷിന്റെ ആദര്‍ശ ധീരതക്ക് മുമ്പില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കല്‍ബുര്‍ഗി അടക്കമുള്ളവരുടെ വധത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നതും, രോഹിങ്ക്യ മുസ്ലിം അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എഴുതിയതും അവരുടെ വധത്തിന് കാരണമായെന്ന മാധ്യമവാര്‍ത്തകള്‍ ശുഭസൂചനയല്ല നല്‍കുന്നത്.
ഫാസിസ്റ്റ് ശക്തികള്‍ ഭയപ്പെടുന്നത് എഴുത്തുകാരെയാണ്, ചിന്തകരെയാണ്. അവര്‍ ഇല്ലാതെയാകുന്നതോടെ പോരാട്ടങ്ങള്‍ ഇല്ലാതെയാകുമെന്ന് അവര്‍ കരുതുന്നു. അക്ഷരങ്ങളെ അവര്‍ക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകള്‍ അവരെ വേട്ടയാടും. ഫാസിസ്റ്റുകളുടെ ഇന്ത്യയില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ കൊലപാതകങ്ങള്‍ സമൂഹ മനസ്സാക്ഷിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പെ ഉണ്ടായ ഈ ദുരന്തം സര്‍ക്കാര്‍ വരുത്തി വെച്ചതാണ്.
ഈ നാട്ടില്‍ ജനിക്കേണ്ടി വന്ന പൊന്നുമക്കളുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു തന്നെയാണ് ഇതിനുള്ള പരിഹാരം. ആശയാദര്‍ശത്തിലെ ഭിന്നത തീര്‍ക്കാന്‍, അക്രമത്തിലൂടെയും ഉന്മൂലത്തിലൂടെയും സാധ്യമാകുമെന്ന അബദ്ധ ധാരണ, രാഷ്ട്രീയത്തില്‍ തികച്ചും അനഭിലഷണീയമാണെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തി.
സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത്, കെ.എസ്. പത്മകുമാര്‍, ജാഫര്‍ അത്തോളി, ഷൈബു മഠത്തില്‍, കാര്‍ത്തികേയന്‍ ദാമോദരന്‍, വി.പി. സെയ്ദലവി എന്നിവര്‍ സംസാരിച്ചു.
Leave a Reply