മസ്‌കത്ത്: ഒമാനിലെ നിസ് വക്കടുത്ത് ബഹ് ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി ബാലിക കൂടി മരിച്ചു. നിസ് വ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനി അങ്കമാലി കാച്ചിപ്പള്ളി സ്വദേശി സാബു സാമുവലിന്റെയും രജനിയുടെയും മകള്‍ സിയ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് നിസ് വ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വിനോദയാത്രക്ക് പോയ ബസുകളിലൊന്ന് മീന്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് മലയാളി വിദ്യാര്‍ഥികളും അധ്യാപികയും രണ്ട് ഒമാന്‍ സ്വദേശികളും അന്ന് മരിച്ചിരുന്നു. സിയ അടക്കം മൂന്ന് മലയാളി കുട്ടികളുടെ നില ഗുരുതരമായിരുന്നു. ജൈഡന്‍ ജെയ്‌സന്‍, നന്ദകശ്രീ എന്നിവര്‍ നിസ് വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

അപകടത്തില്‍ മരിച്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി കൊന്നേപറമ്പില്‍ സിജാദിന്റെ മകള്‍ റുയ അമന്‍, സ്‌കൂള്‍ അധ്യാപികയും മഹാരാഷ്ട്ര സ്വദേശിയുമായ ദീപാലി സേഥ് എന്നിവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്താക്കി ശനിയാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി. കണ്ണൂര്‍ പട്ടാന്നൂര്‍ കൂരാരി സ്വദേശി വളപ്പിനകത്ത് അബ്ദുല്‍ കബീറിന്റെ മകന്‍ മുഹമ്മദ് ഷമ്മാസിന്റെ മൃതദേഹം നിസ് വക്കടുത്ത് ബിസിയയില്‍ വെള്ളിയാഴ്ച ഖബറടക്കി.