ഇന്ത്യയെ വര്‍ഗീയമായി വിഭജിച്ചു ഒരു ഹിന്ദു പാകിസ്ഥാന്‍ ആക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയ സമിതി അംഗം അശുതോഷ് പറഞ്ഞു. കൊച്ചിയില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തെ തന്നെ പൂര്‍ണമായി നിഷേധിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ആയിരക്കണക്കിന് വര്ഷങ്ങളായി നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും എല്ലാവര്‍ക്കുമേലും ഭക്ഷണത്തിലും വസ്ത്രത്തിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും പോലും നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബിജെപി ഭരണം നടത്തുന്ന ഭീഷണി എന്നതിനാല്‍ അതിനെതിരെ വിശാല ജനാധിപത്യപ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ട്.

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും സംഘപരിവാറിന്റെ ഹിംസക്കെതിരെ പ്രതിഹിംസാ പ്രയോഗിക്കുന്നതും വഴി ഇടതുപക്ഷം സ്വയം ദുര്ബലമാക്കപ്പെടുന്നു. കേവല കക്ഷികള്‍ തമ്മിലുള്ള ഐക്യത്തിന് പകരം രാഷ്ട്രീയവും സാംസ്‌കാരികവും ആയ എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ജനാധിപത്യ പ്രതിരോധഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടത് എന്നദ്ദേഹം പറഞ്ഞു.

ഹിന്ദുത്വമെന്നു ആര്‍എസ്എസിന്റെ നിലപാടുകളെ വിശേഷിപ്പിക്കുന്നത് തന്നെ ശരിയല്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ദില്ലി എം എല്‍ എ യും മുന്‍ മന്ത്രിയുമായ ആം ആദ്മി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍ വീനര്‍ സി ആര്‍ നീലകണ്ഠന്‍ പരിപാടിയില്‍ പങ്കെടുത്തു.