എറണാകുളം ജില്ലയില്‍ ഓഖി ദുരന്തത്തിന്റെ ഫലമായി നൂറുകണക്കിന് കുടുംബങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുമ്പോള്‍ അവര്‍ക്ക് ആശ്വാസമേകാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. അഞ്ചു ദിവസമായി വീടുകള്‍ തകര്‍ന്ന് എടവനക്കാട് സ്‌കൂളില്‍ അഭയം തേടിയിട്ടുള്ള മുന്നൂറോളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്തേവാസികളെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച വേദനാജനകമാണ്. എംപി, എംഎല്‍എ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊന്നും തകര്‍ന്ന് കിടക്കുന്ന തങ്ങളുടെ വീടുകള്‍ ഒന്ന് കാണാന്‍ പോലും തയ്യാറായിട്ടില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

സ്വന്തമായി ഉണ്ടായിരുന്ന വീട് പൂര്‍ണ്ണമായും നശിച്ച പത്തോളം കുടുംബങ്ങള്‍ അവിടെ ഉണ്ട്. മറ്റു പലരുടെയും വീടുകളില്‍ വീണ്ടും മനുഷ്യജീവിതം സാധ്യമാകുന്നതിനു ഒട്ടേറെ പണം ചിലവാക്കേണ്ടതുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വാസസ്ഥലം ഒരുക്കുന്നതിനെ കുറിച്ചോ കേടുപറ്റിയ വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനെ കുറിച്ചോ യാതൊരു വിധ നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അവര്‍ ഇപ്പോള്‍ താമസിക്കുന്ന വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍ ആയിരിക്കുന്നു.

തങ്ങള്‍ക്ക് എന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയുമെന്ന് അറിയാതെ അവര്‍ വിഷമിക്കുകയാണ്. 90 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ അടക്കം നിരവധി വൃദ്ധ ജനങ്ങളും പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും രോഗികളും വിദ്യാര്‍ഥികളുമെല്ലാം അവിടെയുണ്ട്. ഇവര്‍ക്കൊന്നും സ്വകാര്യതയോടെ ജീവിക്കാന്‍ കഴിയുന്നില്ല. മിക്കവാറും കുടുംബങ്ങളുടെ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും യൂണിഫോമും വരെ നഷ്ടപ്പെട്ടിരിക്കുന്നു. സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ പുസ്തകങ്ങളും ബാഗും മറ്റും അവര്‍ക്ക് നല്‍കുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് നൂറില്‍ അധികം കുട്ടികള്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്നവരായി അവിടെ ഉണ്ടെന്നാണ് പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇക്കാര്യങ്ങളിലൊന്നും യാതൊരുവിധ ഉറപ്പും നല്‍കാന്‍ സ്ഥലത്തെ എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം ദുരന്തങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും അവയുടെ ആഘാതങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. കടല്‍ഭിത്തി നിര്‍മ്മാണം അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വലിയ തോതില്‍ ഉള്ള അഴിമതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സുരക്ഷ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി ശക്തമായ സമരങ്ങള്‍ നടത്താന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിരിക്കുകയാണ്.