കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി നിയമങ്ങളും പഞ്ചായത്ത് റവന്യൂ നിയമങ്ങളും ദുരന്തനിവാരണ നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റേതായ നിയമത്തിലൂടെ മുന്നോട്ടുപോകുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരോ മറ്റു സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല എന്നുള്ളത് ഭരണകൂടങ്ങളുടെ പിന്തുണ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാണ് തെളിയിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തില്‍ നാവിക സംഭരണ ശാലയുടെ തൊട്ടരികില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം രാജ്യ രക്ഷക്ക് ഭീഷണിയാണ് നാവിക ഉദ്യോഗസ്ഥര്‍ പലവട്ടം ഈ വിവരങ്ങള്‍ അറിയിച്ചിട്ടും ഇപ്പോഴും ആ കെട്ടിടം അവിടെ തന്നെ നിലനില്‍ക്കുകയാണ്. നാവിക ആയുധ ശാലയുടെ ആയുധ ശേഖരങ്ങളും മറ്റ് സന്നാഹങ്ങളും ഒരു സാധാരണ ക്യാമറ ഉപയോഗിച്ചുപോലും ഈ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഒപ്പിയെടുക്കാന്‍ കഴിയും എന്നുള്ളതാണ് ഇതിലൂടെയുള്ള സുരക്ഷാഭീഷണി എന്നാണ് നാവിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്ര അപകടകരമായ രീതിയില്‍ ഈ കെട്ടിടം പണിയാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ഇന്നും വ്യക്തമല്ല.
ചില വ്യവസായികള്‍ ചേര്‍ന്ന് ഈ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അങ്ങനെ പാതിവഴി പൂര്‍ത്തിയായ ഈ കെട്ടിടം പണി ഉപേക്ഷിക്കുകയും അത് അങ്ങനെ തന്നെ അവിടെ നിലനില്‍ക്കുകയും ആയിരുന്നു എന്നാല്‍ ഏത് നിയമങ്ങളെയും ലംഘിക്കാം, എന്നിട്ട് പിന്നീട് ക്രമവല്‍ക്കരിക്കാം എന്ന് ഉറപ്പുള്ള പി വി അന്‍വര്‍ ഈ കെട്ടിടം വളരെ ആസൂത്രിതമായി ഏറ്റെടുക്കുകയും അതിന്റെ പല ഭാഗങ്ങളും വാടകയ്ക്ക് നല്‍കുകയും അങ്ങനെ പണം സമ്പാദിക്കുകയും ചെയ്തിട്ടുള്ളതാണ്.
കേരള സര്‍ക്കാര്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് കെട്ടിടവും സംരക്ഷിക്കാം എന്നാണ് പി.വി അന്‍വര്‍ കരുതുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന് ഇതേവരെ പഞ്ചായത്തിന്റെയും, എന്‍ എ ഡി യുടേയും യാതൊരു അനുമതിയും കിട്ടിയിട്ടില്ല എന്നതാണ് അധികൃതര്‍ പറയുന്നത്. എന്നിട്ടും എട്ടു നിലയുള്ള ഒരു കെട്ടിടം അവിടെ നിലനില്‍ക്കുന്നു എന്നുള്ളത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനെതിരെ നിലവില്‍ ഒരു രാഷ്ട്രീയ കക്ഷികളും ശബ്ദം ഉയര്‍ത്തുന്നില്ല എന്നതില്‍ നിന്നുതന്നെ നിലമ്പൂരിലെ പോലെ ഇവിടെയും അന്‍വറിന്റെ പണത്തിനു മുകളില്‍ പറക്കാന്‍ കഴിയുന്ന പരുന്തുകള്‍ അല്ല ഒരു രാഷ്ട്രീയ പാര്‍ട്ടികളും എന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര പ്രതിരോധമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് കത്തെഴുതാനും ദില്ലി സര്‍ക്കാരിലെ വഴി സമ്മര്‍ദം ചെലുത്തുവാനും ആണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമവും മറ്റു പോരാട്ടങ്ങളും വഴി ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന്ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിഷയത്തില്‍ എടത്തല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് നടത്തുകയും ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പരാതി നല്‍കുകയും ചെയ്തിട്ടുള്ളതാണ് .ഇതില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും, ചാലക്കുടി എറണാകുളം മണ്ഡല നിരീക്ഷകരായ വിനോദ് കുമാറും, ഷക്കീര്‍ അലിയും,ആം ആദ്മി പ്രവര്‍ത്തകരും പങ്കെടുത്തു
Leave a Reply