ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചിലവ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചിലവ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി
January 12 06:27 2018 Print This Article

ഓഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളില്‍ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താന്‍ അതിന്റെ വരവ് ചിലവ് കണക്കുകള്‍ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് 8 ലക്ഷം രൂപ ചിലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍മെന്റും പാര്‍ട്ടിയും ശക്തമായ വിമര്‍ശനം നേരിടുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.

ഓഖി ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിയെ സമ്മേളനത്തിന്റെ് യാത്രയ്ക്ക് ചിലവഴിച്ചു എന്ന ആരോപണം തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അപമാനകരമാണ്. എന്നാല്‍ ആ ഉത്തരവ് പിന്‍വലിക്കുകയും അതിനു ചെലവഴിച്ച പണം പാര്‍ട്ടി അടയ്ക്കാം എന്ന് പറയുന്നതിലൂടെ പാര്‍ട്ടിയും സര്‍ക്കാരും തെറ്റ് ചെയ്തു എന്ന് സ്വയം സമ്മതിക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ എല്ലാ നീതിയും നിഷേധിക്കപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കെ അതേ ഫണ്ടില്‍നിന്ന് ഇത്തരം യാത്രയ്ക്ക് പണം ചെലവാക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരെ എന്ത്‌നടപടിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഈ ഉത്തരവിട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഏറെ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പിലെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരാള്‍ ആണ് ഇദ്ദേഹം. റവന്യൂമന്ത്രിയെ തരിമ്പുപോലും ബഹുമാനിക്കാതെ മുഖ്യമന്ത്രിയുടെ പാദസേവകനാണ് എന്നു കൂടി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കും എന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഓഖി ദുരിതാശ്വാസ ഫണ്ട് ഇത്തരം ഉദ്യോഗസ്ഥരെയാണ് ഏല്‍പിക്കുന്നത് എങ്കില്‍ അത് ചിലവഴിക്കുന്നതിനെ പറ്റി ന്യായമായും ജനങ്ങള്‍ക്ക് സംശയമുണ്ടാകും. അതുകൊണ്ട് ഈ ചുമതലയില്‍നിന്നും പി. എച്ച്. കുര്യനെ അടിയന്തരമായി മാറ്റണം എന്നും വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അതുവഴി ഗവര്‍മെന്റ്, ഗവണ്‍മെന്റേതിര ഏജന്‍സികളും, പൊതുജനങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസത കാത്തുസൂക്ഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles