ഏക്കറുകളോളം വരുന്ന ചിലവന്നൂര്‍ കായല്‍ കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കുക, ചിലവന്നൂര്‍ ബണ്ട് പഴയ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കായലിലേക്ക് നീരൊഴുക്കും ജല ഗതാഗതവും പുനര്‍സ്ഥാപിക്കണം എന്നും കനാല്‍ റോഡ് സഞ്ചാര യോഗ്യമാക്കണം എന്നും ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ടി ചിലവന്നൂര്‍ കായല്‍ സംരക്ഷണ ധര്‍ണ നടത്തി. ധര്‍ണ്ണ ചിലവന്നൂര്‍ ബണ്ട്പാലത്തിന് സമീപം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

കായല്‍ കയ്യേറ്റം തുടര്‍ക്കഥയായി തുടരുകയാണെന്നും കയ്യേറ്റങ്ങള്‍ക്കെതിരെ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും സി.ആര്‍.നീലകണ്ഠന്‍ പറയുകയുണ്ടായി. വര്‍ഷങ്ങളായിട്ടും പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് മൂലം മത്സ്യത്തൊഴിലാളികള്‍ക്കും ഓരു ജലം കയറിയിറങ്ങുന്നതിനും വളരെ ബുദ്ധിമുട്ടും നേരിടുന്നുണ്ട്.

യോഗത്തില്‍ ആം ആദ്മി നേതാക്കളായ ഡോ.മന്‍സൂര്‍ ഹുസ്സൈന്‍, ജോര്‍ജ് തൃക്കാക്കര, വിന്‍സെന്റ് ജോണ്‍, ബോബന്‍ കെ.എസ്, ഫോജി ജോണ്‍, സുനില്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.