അഞ്ചേകാല്‍ ലക്ഷത്തിലേറെ ഏക്കര്‍ റവന്യു ഭൂമി വിദേശ കമ്പനികളും ടാറ്റയും ഹാരിസണും അടക്കമുള്ള അവരുടെ ബിനാമികളും കയ്യടക്കിയിരിക്കുന്നത് ഭരണഘടനയുടെയും നിയമങ്ങളുടെയും ലംഘനവും രാജ്യദ്രോഹവുമാണെന്നുള്ള ലഭ്യമായ എല്ലാ രേഖകളും സവിസ്തരം പഠിച്ച് ഡോ.രാജമാണിക്യം കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കൊണ്ട് ഹാരിസണ്‍ കയ്യടക്കിയിട്ടുള്ള ഭുമി ഏറ്റെടുക്കാനുള്ള നടപടികള്‍ റദ്ദുചെയ്ത കേരള ഹൈക്കോടതി വിധി സര്‍ക്കാര്‍ ഒത്തുകളിയുടെ ഫലമാണെന്ന് ആംആദ്മി പാര്‍ട്ടി പാര്‍ട്ടി ആരോപിച്ചു. വന്‍ കിടക്കാരില്‍ നിന്നും ഭൂമി പിടിച്ച് പാവങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ റോബിന്‍ ഹുഡ് അല്ല, കോര്‍പ്പറേറ്റുകളുടെ സഹായം സര്‍ക്കാരുകള്‍ക്ക് അനിവാര്യമാണ് തുടങ്ങിയ കോടതി നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരമാണെന്നും ഇത് തള്ളിക്കളയേണ്ടതാണെന്ന് ആംആദ്മി പറഞ്ഞു.
കേസില്‍ സര്‍ക്കാര്‍ തോറ്റു എന്നതിനേക്കാള്‍ ഹാരിസണുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ തോറ്റു കൊടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. ടാറ്റയുടെയും ഹാരിസണിന്റെയും കങ്കാണിമാരായ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ ആവശ്യമായ രേഖകള്‍ കോടതികളില്‍ ഹാജരാക്കാതെ നിരന്തരമായി തോറ്റു കൊടുത്തു കൊണ്ടിരുന്ന അവസ്ഥ മാറുകയും സര്‍ക്കാരിന് അനുകൂലമായ വിധികള്‍ ലഭിച്ചു തുടങ്ങുകയും ചെയ്തത് ഈ കേസുകള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ പ്ലീഡറായി ശ്രീമതി സുശീലാ ഭട്ടിനെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ്. അവര്‍ രേഖകള്‍ വിശദമായി പഠിച്ച് സംസ്ഥാന താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ശക്തമായ തെളിവുകള്‍ നിരത്തി ഫലപ്രദമായി കേസു വാദിച്ചു തുടങ്ങിയതോടെ ഹാരിസണ്‍ കമ്പനി തോറ്റു തുടങ്ങി. സര്‍ക്കാരിന് അനുകൂലമായി കോടതി വിധികള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സുശീലാ ഭട്ടിനെ മാറ്റി പകരം ഹാരിസണിന്റെ പാദ സേവകരെ സര്‍ക്കാര്‍ ഭാഗം വാദിക്കുന്നതിനായി നിയോഗിച്ചു.
ഹാരിസണ്‍ ഹാജരാക്കുന്ന രേഖകള്‍ എല്ലാം വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അടക്കം പൂഴ്ത്തിവെച്ചു കൊണ്ട് പിണറായി സര്‍ക്കാര്‍ ഹാരിസണുമായി ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ പരിസമാപ്തി കൂടിയാണ് ഇന്നത്തെ കോടതി വിധിയിലൂടെ പുറത്തുവന്നിട്ടുള്ളത്. ഭരണഘടനാപരമായും നിയമപരമായും സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമി കോര്‍പ്പറേറ്റ് ഭൂമാഫിയകളില്‍ നിന്നും തിരിച്ചു പിടിക്കുന്നതില്‍ നമ്മുടെ ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ ജുഡീഷ്യറി സംവിധാനങ്ങളടക്കം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഈ കോടതി വിധി വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ഒത്താശയോടെ കയ്യടക്കി വെച്ചിരിക്കുന്ന കോര്‍പ്പറേറ്റ് ഭൂമാഫിയകളില്‍ നിന്നും തിരിച്ചുപിടിക്കാനും ദലിത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യാനുമുള്ള ജനകീയ പ്രക്ഷോഭങ്ങളാണ് ശക്തിപ്പെടുത്തേണ്ടത്. കോര്‍പ്പറേറ്റ് ഭൂമാഫിയാ കള്‍ നിയമവിരുദ്ധമായി കയ്യടക്കിയിട്ടുള്ളതും തങ്ങള്‍ക്ക് ലഭിക്കേണ്ടതുമായ ഭൂമിയില്‍ കയറി അവകാശം സ്ഥാപിക്കാന്‍ മുഴുവന്‍ ഭൂരഹിത വിഭാഗങ്ങളും തോട്ടം തൊഴിലാളികളും മുന്നോട്ട് വരണമെന്നും ആംആദ്മി പാര്‍ട്ടി പറഞ്ഞു.
Leave a Reply