പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടിയതോടെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ടിക് ടോക് വിഡിയോയിലൂടെ സുപരിചിതയാണ് ആരുണി എസ്‌ കുറുപ്പ്.അതുകൊണ്ടുതന്നെ ആരുണിയുടെ മരണം സൈബർ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.