ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
അബര്‍ഡീന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ മിഷന്‍ സെന്റര്‍ അബര്‍ഡീനില്‍ പിറന്നു. പ്രാര്‍ത്ഥനാ സ്തുതിഗീതങ്ങള്‍ പരിപാവനമാക്കിയ സ്വര്‍ഗീയ നിമിഷങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആദ്യ മിഷന്‍ സെന്റര്‍, അബര്‍ഡീന്‍ ‘സെന്റ് മേരീസ്’ പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, പ്രീസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് പിണക്കാട്ട്, ബഹു. വൈദികര്‍, നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി.
ചടങ്ങുകള്‍ക്കെത്തിയ പിതാക്കന്മാരെ പൂച്ചെണ്ടു നല്‍കി ദൈവാലയ കവാടത്തില്‍ സ്വീകരിച്ചു. ദൈവാലയത്തില്‍ പ്രീസ്റ്റ ഇന്‍ ചാര്‍ജ് റവ. ഫാ. ജോസഫ് പിണക്കാട്ട് വിശിഷ്ടാത്ഥികള്‍ക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുംതറ, മിഷന്‍ പ്രഖ്യാപിക്കുന്നതിനൊരുക്കമായ ഡിക്രി വായിച്ചു. അതിനുശേഷം തിരി തെളിച്ചു അഭി. പിതാക്കന്മാര്‍ മിഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.
മദര്‍വെല്‍, ഡന്‍ഡി മെത്രാന്മാരെ മാര്‍ ആലഞ്ചേരി സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മദര്‍വെല്‍ ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. ജോസഫ് ടോള്‍, ഡന്‍ഡി ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. സ്റ്റീഫന്‍ റോബ്സണ്‍ എന്നിവരുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. സ്‌നേഹസൗഹൃദം പുതുക്കിയ ഹ്രസ്വമായ സന്ദര്‍ശനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും കര്‍ദ്ദിനാളിനെ അനുഗമിച്ചു. ഇന്ന് ഗ്ലാസ്ഗോയിലും എഡിന്‍ബോറോയിലും ഹാമില്‍ട്ടണിലും പുതിയ മിഷനുകള്‍ പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ആലഞ്ചേരി, മാര്‍ സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍സ്, മറ്റു വൈദികര്‍, അല്മായ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.
Leave a Reply