ഡിമെന്‍ഷ്യ രോഗികളുടെ പരിതചരണത്തിന് റോബോട്ടുകള്‍ വരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് എന്‍എച്ച്എസ് ഇതിലൂടെ തയ്യാറാകുന്നത്. പുതുതലമുറ ചികിത്സാ മാര്‍ഗ്ഗമായ ഇതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 215 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഇന്ന് ജെറമി ഹണ്ട് പ്രഖ്യാപിക്കും. പ്രമേഹം, ഹൃദ്രോഗം മുതലായവ ഉള്ളവര്‍ക്കും ഈ സാങ്കേതികത ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്.

ശസ്ത്രക്രിയകള്‍, ചികിത്സ, ദീര്‍ഘകാല പരിചരണം എന്നിവയില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ ആശയങ്ങള്‍ കൊണ്ടുവരണമെന്ന് അക്കാഡമിക്കുകളോടും സാങ്കേതിക സ്ഥാപനങ്ങളോടും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, സാങ്കേതിക വിദ്യ എന്നിവയില്‍ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിവ്യൂവും ഇതേ ആശയം തന്നെയാണ് പങ്കുവെക്കുന്നത്. വരുന്ന രണ്ട് പതിറ്റാണ്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, ഡിജിറ്റല്‍ മെഡിസിന്‍, ജീനോമിക്‌സ് എന്നിവയ്ക്ക് ചികിത്സാ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാകുമെന്ന് റിവ്യൂ പറയുന്നു.

എന്നാല്‍ റോബോട്ടിക്‌സ് എന്ന പ്രയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സര്‍ജറി, റേഡിയോ തെറാപ്പി ചികിത്സ മുതലായ മേഖലകളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്‍എച്ച്എസിന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാരുടെ സമര്‍പ്പണത്തിന്റെ ഫലമായി ആളുകള്‍ ദീര്‍ഘായുസോടെ ജീവിക്കുന്നുവെന്ന് ഹണ്ട് പറഞ്ഞു. അടുത്ത തലമുറ ചികിത്സാ രീതികളിലേക്ക് നാം ഇനി മാറേണ്ടതുണ്ടെന്നും അത് സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും ഹണ്ട് വ്യക്തമാക്കി.