മാത്യൂ ചെമ്പുകണ്ടത്തിൽ
സാക്ഷിമൊഴിയും അന്യേഷണ ഉദ്യോഗസ്ഥരും നീതിപീഠവും മാധ്യമങ്ങളും എല്ലാം എതിരാകുമ്പോഴും നിരപരാധികൾക്ക് ആത്മബലത്തോടെ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിൻ്റെ ജീവിക്കുന്ന സാക്ഷികളാണ് “സിസ്റ്റർ അഭയാ കേസില്‍” കുറ്റാരോപിതരായ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. “കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്” എന്ന സങ്കീർത്തനം അന്വർത്ഥമാക്കുന്ന ജീവിത സാക്ഷ്യമാണ് ഈ ബ്രഹ്മചാരികൾ നമുക്ക് മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്.
1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയ എന്ന കന്യാസ്ത്രീയുടെ ജഡം കണ്ടതു മുതല്‍ കഴിഞ്ഞ 30 കൊല്ലങ്ങളായി പോലീസും മാധ്യമങ്ങളും ഈ രണ്ട് ജീവിതങ്ങളെ തലങ്ങും വിലങ്ങും വേട്ടയാടുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കുറ്റാന്വേഷണ ഏജന്‍സി ”അന്വേഷിച്ച് ശിക്ഷവിധിച്ച” കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ജൂൺ 23ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിവാചകങ്ങളിലെ പരാമർശങ്ങൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്; നീതിബോധം നഷ്ടപ്പെട്ട്, സമൂഹത്തിന്‍റെയും മാധ്യമങ്ങളുടെയും മുറവിളിക്കൊപ്പം നിന്നുകൊണ്ട് കുറ്റാന്വേഷണം നടത്തുന്ന ഏജന്‍സികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും മനുഷ്യത്വത്തെ എത്രമേല്‍ ചവിട്ടിമെതിക്കുന്നു എന്നതാണ് വിധി വാചകങ്ങളിൽ വായിച്ചെടുക്കാൻ കഴിയുന്നത്. സിനിമാക്കഥകളെപ്പോലും വെല്ലുന്നവിധത്തില്‍ “സാക്ഷികളെ” സംഘടിപ്പിച്ചുകൊണ്ട് നിരപരാധികളെ കുറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ പൈശാചികതയ്ക്ക് മുന്നിലും തൻ്റെ അൽപജ്ഞാനം പ്രദർശിപ്പിക്കുന്നതിന് വെമ്പൽ കൊള്ളുന്ന നിയമജ്ഞരുടെ വിധി പ്രസ്താവനകൾക്കു മുന്നിലും
തളര്‍ന്നുപോകാതെ ക്രൈസ്തവ സഹനത്തിന്‍റെ സാക്ഷ്യം ഉയർത്തിപ്പിടിച്ചാണ് ഫാ കോട്ടൂരും സിസ്റ്റര്‍ സെഫിയും ഇപ്പോള്‍ കേരള സമൂഹത്തിൻ്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നത്.
“പ്രതികള്‍ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിന്‍റെ ലക്ഷ്യം സമൂഹത്തേ പറഞ്ഞു പഠിപ്പിച്ചതിനു ശേഷം നടത്തിയ ക്രൂരവും മനുഷ്യത്വഹീനവുമായ നടപടിയായിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന” എന്നാണ് ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സർജൻ ഡോ കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. “കന്യകാത്വ പരിശോധന നിര്‍വ്വഹിച്ച ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് തരിമ്പും വൈദഗ്ധ്യമില്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴിതുവച്ചു. അവര്‍ കണ്ട സത്യം തുറന്നു പറഞ്ഞില്ലെന്നു മാത്രമല്ല, സത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഓര്‍ക്കണം, സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍, അവരുടെ കന്യാചര്‍മ്മത്തിന് കേടുപാടില്ലെങ്കില്‍ പിന്നെ അഭയാ കൊലക്കേസില്ല” – ഡോ ബാലേന്ദ്രന്‍ തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ എഴുതുന്നു. കൂടാതെ, “സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ പുനഃര്‍നിര്‍മ്മിച്ചതാകാമെന്ന (Hymenoplasty) റിപ്പോര്‍ട്ടാണ് പരിശോധന നടത്തിയ രണ്ട് ഡോക്ടര്‍മാരും കോടതിക്ക് നല്‍കിയത്. ഈ ഡോക്ടര്‍മാര്‍ ഹൈമനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയെപ്പറ്റി പഠിക്കുകയോ ശസ്ത്രക്രിയ കാണുകയോ ആ പ്രക്രിയയില്‍ സഹായിക്കുകയോ ചെയ്തിട്ടുള്ളവരല്ല. ഹൈമനോപ്ലാസ്റ്റി കഴിഞ്ഞ ഒരാളേപ്പോലും അവര്‍ അന്നുവരെ കണ്ടിട്ടുമില്ല. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയുടെ വാദം ശരിവച്ചതിനേയാണ് ഡോ ബാലേന്ദ്രന്‍ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി ജാമ്യം നൽകി പുറപ്പെടുവിച്ച വിധിയുടെ 20,21 പേജുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങളെ ഡോ ബാലേന്ദ്രന്‍റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടിവായിക്കുമ്പോഴാണ് അഭയാ കേസ് “പ്രതികളു”ടെ നിരപരാധിത്വം സംശയലേശമെന്യെ വെളിവാകുന്നത്. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയെ പരിശോധിച്ച ഡോക്ടർ 19-ാം സാക്ഷിയാണ്. ഈ ഡോക്ടറുടെ (PW 19) മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ കന്യാചര്‍മ്മത്തിന് യാതൊരു കേടുപാടോ ക്ഷതമോ സംഭവിച്ചിട്ടില്ലെന്നും പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി പറയാന്‍ സാധിക്കില്ല എന്നും അസന്നിഗ്ധമായി കോടതി പ്രസ്താവിച്ചിരിക്കുന്നു. ഇവിടെയാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചു എന്ന കണ്ടുപിടുത്തം സിബിഐ അവതരിപ്പിക്കുന്നത്. ഈ വാദം കോടതിയില്‍ സ്ഥാപിക്കാന്‍ മൂന്നാം പ്രതിയെ പരിശോധിച്ച ഫോറെന്‍സിക് വിദഗ്ധയെയും ഗൈനക്കോളജിസ്റ്റിനെയും സിബിഐ ഉപയോഗിച്ചു. ഈ രണ്ടുപേര്‍ക്കും യാതൊരു മുന്‍പരിചയവുമില്ലാത്ത വിഷയത്തില്‍, പ്രതി കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചതാവാം എന്ന് ഇവര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ എവിടെയെങ്കിലും ഈ ശസ്ത്രക്രിയ നടക്കുന്നുണ്ടോ, പ്രതിയായി ആരോപിക്കപ്പെടുന്ന വ്യക്തി അവിടെ പോയിരുന്നോ തുടങ്ങിയ യാതൊരു അന്വേഷണങ്ങളിലേക്കും കടക്കുവാനോ തെളിവുകള്‍ ഹാജരാക്കുവാനോ സിബിഐ തയ്യാറായതുമില്ല; ഇത്തരം ദുർബല വാദങ്ങളുടെ അടിസ്ഥാനത്തിൽ വളരെ വിചിത്രമായ വിധത്തിലാണ് വിചാരണ കോടതി നിഗമനത്തില്‍ എത്തിച്ചേർന്നത്. അതിനാൽ വിചാരണ കോടതിയുടെ വിധിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിക്കുന്നത് വിധിന്യായത്തിന്‍റെ 7-ാം പേജില്‍ വായിക്കുമ്പോൾ നാം തരിച്ചിരുന്നു പോകും!
കുറ്റാന്വേഷണത്തോട് ഏതുവിധത്തിലും സഹകരിച്ചുകൊണ്ട് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറായ സിസ്റ്റര്‍ സെഫി, തന്‍റെ ശരീരത്തിലെ പരമോന്നത സ്വകാര്യാവസ്ഥയെപ്പോലും പരിശോധനയ്ക്കു സമർപ്പിക്കാന്‍ തയ്യാറായപ്പോള്‍, അതിനെപ്പോലും പൊതുസമൂഹത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു ധാർമ്മികതയും മനഃസാക്ഷിയും നഷ്ടപ്പെട്ട മാധ്യമങ്ങളും കുറെ മനുഷ്യപ്പിശാചുക്കളും. പോലീസ് കെട്ടിച്ചമച്ച കഥകളും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളും ഏറ്റെടുത്തുകൊണ്ട് നിരപരാധികളായ രണ്ട് വ്യക്തികളെ കുറ്റക്കാരായി വിശ്വസിച്ച് ഒരു തലമുറതന്നെ കടന്നുപോയി. ജനകോടികള്‍ ഇന്നും ഇവരെ കുറ്റവാളികളെപ്പോലെ സംശയത്തോടെ വീക്ഷിക്കുന്നു; ഇതിനെല്ലാം ഇനി ആര് സമാധാനം പറയും? വളരെ കുറഞ്ഞ ഒരു മനുഷ്യായുസ്സിൽ, 30 വർഷങ്ങളോളം നിരപരാധിത്വം തെളിയിക്കപ്പൊടാനാകാതെ നീറി നീറി ജീവിച്ച ഇവർക്ക്, വർഷങ്ങളോളം നിഷേധിക്കപ്പെട്ട നീതിയുടെ മൂല്യം ആരാണ് പരിഹരിച്ചു കൊടുക്കുക ?
“കിണറും വാട്ടർ ടാങ്കും ഉള്ളിടത്ത്” തളരാതെ പിടിച്ചു നിന്ന്, തൻ്റെ ചരിത്ര്യ വിശുദ്ധിയുടെയും അടിയുറച്ച ക്രൈസ്തവ ധാർമ്മിക ബോധത്തിൻ്റെയും ഈ നൂറ്റാണ്ടിലെ മഹനീയ ക്രൈസ്തവ സാക്ഷ്യമാണ് സിസ്റ്റർ സെഫിയുടെ ജീവിതം. ഒരു തലമുറയിലെ ജനലക്ഷങ്ങൾ മുഴുവൻ തന്നെ വെറുക്കുകയും മാധ്യമപ്പരിഷകൾ ഈ അധാർമ്മികതയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിട്ടും സഹനത്തിൻ്റെ മാർഗ്ഗത്തിലൂടെ ദിവ്യരക്ഷകൻ്റെ കാലടികൾ പിൻപറ്റാൻ ഈ സന്യാസിനി പ്രകടിപ്പിച്ച അസാധാരണമായ ആത്മബലത്തിനു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു! പ്രിയപ്പെട്ട സിസ്റ്റർ സെഫി, ഈ കേസിൽ പൂർണമായി നിങ്ങളെ കുറ്റവിമുക്തയായി ഇന്ത്യൻ നീതിപീഠം പ്രഖ്യാപിക്കുന്ന ദിനത്തിനായി ഞങ്ങൾ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നു.
ഫാദർ തോമസ് കോട്ടൂരും ഈ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നു. രോഗവും വാർദ്ധക്യവും തളർത്തുന്ന ഈ ഘട്ടത്തിൽ തൻ്റെ നിരപരാധിത്വം പൂർണമായി മനസ്സിലാക്കാൻ നീതിപീഠത്തിന് ഉടനെ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സഹനത്തിൻ്റെയും പൗരോഹിത്യ വ്രതശുദ്ധിയുടെയും സാക്ഷിയായി, കേരള ക്രൈസ്തവ സഭയുടെ അഭിമാനമായി നിലകൊള്ളൻ പരിശുദ്ധാമാവ് അങ്ങയെ സഹായിക്കട്ടെ !
ക്രൈസ്തവ സഭയെ പൊതുവേയും കത്തോലിക്കാ സഭയെ പ്രതേകിച്ചും താറടിക്കാൻ അവസരം നോക്കിയിരുന്നവർക്ക് മൂന്നു പതിറ്റാണ്ടുകൾ സഭയെ അവഹേളിക്കാൻ കിട്ടിയ സുവർണാവസരമായിരുന്നു സിസ്റ്റർ അഭയ കേസ്. ഇപ്പോൾ സത്യം മനസ്സിലാക്കിയെങ്കിലും വാർത്തകളെ പിന്നാമ്പുറത്തേക്ക് തള്ളിമാറ്റിയാണ് ഇവർ ജാള്യത മറയ്ക്കുന്നത്. നിരപരാധികളെ ക്രൂശിക്കുന്നവർ ഒരു കാര്യം ഓർമ്മിച്ചു കൊള്ളുക, സത്യത്തെ എത്ര കുഴിച്ചു മൂടിയാലും അതിന് ഉയിർത്തെഴുന്നേറ്റ ചരിത്രമേയുള്ളൂ. അഭയാ കേസിലും സത്യവും നീതിയും അതിൻ്റെ പരിപൂർണതയിൽ വെളിപ്പെടുക തന്നെ ചെയ്യും.
അഭയ എന്ന യുവ സന്യാസിനി വാസ്തവമായി എങ്ങനെയാണ് മരിച്ചത് എന്നന്വേഷിക്കാതെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾക്കനുസൃതമായി കുറ്റാന്വേഷണം നടത്തി സാമർത്ഥ്യം തെളിയിക്കാൻ സിബിഐ പോലുള്ള എജൻസികൾ തയ്യാറായതിലുടെ, “സത്യം അറിയാൻ സിബിഐ” എന്ന് ഏതൊരു ഇന്ത്യാക്കാരനും അഭിമാനത്തോടെ കരുതുന്ന പ്രമുഖ ഏജൻസിയുടെ വിശ്വാസ്യതയാണ് തകർന്നത്. നിരപരാധികളുടെ ജീവിതവും മാനവും വച്ചുള്ള ഇത്തരം കുറ്റാന്വേഷണ വീരസ്യങ്ങൾ 21-ാം നൂറ്റാണ്ടിലെ ഉന്നതമായ മനുഷ്യാവകാശങ്ങൾക്ക് എതിരാണ്. അതിനാൽ, സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും പൂർണമായി വിമുക്തരായ ശേഷം ഈ കേസിൽ നിരുത്തരവാദപരമായ റിപ്പോർട്ടുകളും നിഗമനങ്ങളും എഴുതിച്ചേർത്ത് മനുഷ്യാവകാശവും ക്രൈസ്തവ ബ്രഹ്മചര്യത്തെയും പരിഹാസപാത്രമാക്കിയ കുറ്റാന്വേഷണ ഏജൻസിയേയും ഉദ്യോഗസ്ഥരേയും പ്രതിസ്ഥാനത്ത് നിർത്തി നിയമ പോരാട്ടം ആരംഭിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം ഈടാക്കി നൽകുകയും വേണം. എങ്കിൽ മാത്രമേ ഈ രണ്ട് മനുഷ്യ ജന്മങ്ങളോടു കുറ്റാന്വേഷകരും നിയമവ്യവസ്ഥയും കാണിച്ച അനീതിക്ക് അറുതി വരികയുളളൂ.
Leave a Reply