കോട്ടയം: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനു കാരണമായത് ഷോർട്ട് സർക്യൂട്ടെന്നു ബന്ധുക്കളുടെ മൊഴി. പെണ്‍കുട്ടി വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ടുണ്ടായതിനേത്തുടർന്ന് തീപടരുകയായിരുന്നെന്നു കരുതുന്നതായാണ് വീട്ടുകാർ പോലീസിൽ മൊഴി നൽകിയത്. തിരുവല്ല മീന്തലക്കര തെങ്ങണാം കുളത്തിൽ ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോൾ സണ്‍ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ടി.എ. അഭിരാമി (15) യാണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. വിദ്യാഭ്യാസ ബന്ദായിരുന്നതിനാൽ സ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീണ്ടും സ്പെഷൽ ക്ലാസിനായി സ്കൂളിലെത്താൻ അധ്യാപിക ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ചതിനു പിന്നാലെ തീ പടരുകയായിരുന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയുടെയും ഏക സഹോദരൻ അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വീടിന്റെ മേൽക്കൂര ഉൾപ്പെടെ കത്തിയമർന്നു താഴേക്കു പതിച്ചു.
ഉടൻ തന്നെ തിരുവല്ല ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണച്ച ശേഷം വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴേക്കും വീടിന്റെ കത്തിയമർന്ന മേൽക്കൂരയ്ക്ക് അടിയിൽ അഭിരാമി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മീന്തലക്കര പരുത്തിക്കാട്ടിൽ ഉണ്ണൂണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ആറ് വർഷമായി നഗരത്തിലെ ചുമട്ടു തൊഴിലാളിയായ അജിയും കുടുംബവും വാടകയ്ക്ക് താമസിച്ചു വരികയാണ്. അതേസമയം, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ പെണ്‍കുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിന്റെ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
Leave a Reply