ഫ്രാങ്ക്ഫർട്ട്: പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ദിനം പ്രതി കൂടുന്ന വാർത്തകൾ കേൾക്കുമ്പോൾ തന്നെ അപകട മരണങ്ങളുടെ വാർത്തകളും വർദ്ധിക്കുന്നത് സങ്കടകരമായ ഒരു കാര്യമാണ്. പലപ്പോഴും വിനോദയാത്രകൾക്ക് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും അപകട മുന്നറിയിപ്പുകളും പലരും മറന്നുപോകുന്നു എന്നത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ജർമ്മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തൊടുപുഴ സ്വദേശി എബിന്‍ ജോ എബ്രഹാം ആണ് മരിച്ചത്. 26 വയസ് മാത്രമായിരുന്നു പ്രായം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണത്തിന് ആസ്പദമായ അപകടം സംഭവിച്ചത്. മ്യൂണിക്കില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന എബിന്‍ കോളജില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദ സഞ്ചാരത്തിനു പോയത്. തടാകത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബിടെക് പഠനത്തിനു ശേഷം രണ്ടര വര്‍ഷം മുന്‍പാണ് എബിന്‍ ജര്‍മനിയില്‍ എത്തിയത്. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ മകനാണ്. സംസ്‌കാരം തൊടുപുഴയിലാണ് നടക്കുക. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.
വള്ളാപ്പാട്ടില്‍ കുടുംബാംഗം ബീനയാണ് മാതാവ്.
സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ).
Leave a Reply