ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യ- ഉക്രെയിൻ യുദ്ധത്തിൻറെ പരിണിതഫലമായി ലോകത്ത് പുതിയ ശാക്‌തിക ചേരികൾ രൂപപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ തുടർന്ന് അമേരിക്കൻ വ്യാപാര സൈനിക നയത്തിലുള്ള മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഉക്രെയിന് സൈനിക സാമ്പത്തിക പിന്തുണ നൽകുന്നതിൽ നിന്ന് ഉള്ള അമേരിക്കയുടെ പിന്മാറ്റം ആണ് പുതിയ ചേരിതിരിവിന് വഴി വെച്ചിരിക്കുന്നത്.
ഉക്രെയിനെ സഹായിക്കാൻ സന്നദ്ധരായവരുടെ കൂട്ടായ്മയിൽ നിലവിൽ 20 രാജ്യങ്ങൾ ചേരാൻ താത്‌പര്യപ്പെടുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. സഖ്യത്തിനു വേണ്ടിയുള്ള ചർച്ചകളിൽ നേതൃസ്ഥാനം വഹിക്കുന്നത് യുകെയാണ്. യുകെയുടെയും ഫ്രാൻസിൻ്റെയും നേതൃത്വത്തിൽ ഈ വാരാന്ത്യത്തിൽ 18 യൂറോപ്യൻ, കനേഡിയൻ നേതാക്കളാണ് കൂട്ടായ തീരുമാനം എടുത്തത് . റഷ്യയുടെ അധിനിവേശം തുടങ്ങിയതു മുതൽ ഉക്രെയിന് ഏറ്റവും കൂടുതൽ പിൻതുണ നൽകുന്ന രാജ്യമാണ് യുകെ. ഉക്രെയിനിൽ നിന്നുള്ള അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനും ആ രാജ്യത്തിന് സാമ്പത്തിക സൈനിക സഹായം ഉറപ്പുവരുത്തുന്നതിനും അകമഴിഞ്ഞ സഹായമാണ് യുകെ നൽകുന്നത്.
ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.
Leave a Reply