യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് വിടവാങ്ങിയ അബ്രഹാം ജോര്‍ജ്ജിന് നാളെ യുകെ മലയാളി സമൂഹം യാത്രാമൊഴി ചൊല്ലും. നാളെ രാവിലെ ഒന്‍പതു മുതല്‍ 11.30 വരെ ഷെഫീല്‍ഡിലെ സെന്റ് പാട്രിക്സ് കാത്തോലിക് ചര്‍ച്ചിലാണ് പൊതു ദര്‍ശനം നടക്കുക. പൂക്കള്‍, പൂച്ചെണ്ട്, റീത്തുകള്‍ എന്നിവയ്ക്കു പകരം നിങ്ങളുടെ സംഭാവനകള്‍ ദേവാലയത്തില്‍ സ്ഥാപിക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ യുകെയുടെ ഡോണേഷന്‍ ബോക്സിലേക്ക് നിക്ഷേപിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.
യുകെ മലയാളികളുടെ മുഴുവന്‍ അപ്പിച്ചായനായിരുന്ന അബ്രഹാം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരണത്തിനു കീഴടങ്ങിയത്. രണ്ടാം കുടിയേറ്റ കാലത്ത് യുകെയിലെത്തി പിന്നീടെത്തിയ മലയാളികള്‍ക്ക് മുഴുവന്‍ വഴികാട്ടിയായ വ്യക്തിത്വമായിരുന്നു അബ്രഹാമിന്റേത്. മലയാളികളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സജീവമായി ഒപ്പമുണ്ടായിരുന്ന ഈ മനുഷ്യ സ്നേഹിയുടെ വിടവാങ്ങല്‍ ഷെഫീല്‍ഡ് മലയാളി സമൂഹത്തിനും യുകെ മലയാളികള്‍ക്കും തീരാ നഷ്ടമാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അബ്രഹാമിനെ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ പിടികൂടിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സകളെല്ലാം നടന്നു വരികെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. 64 വയസായിരുന്നു പ്രായം. അസുഖം കണ്ടെത്തിയ ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിയെയും രോഗത്തെയും തന്റെ മനോബലം കൊണ്ടു പുറകിലാക്കിയായിരുന്നു അപ്പിച്ചായന്റെ ജീവിതം. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്കാരിക ആത്മീയ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.
ഷെഫീല്‍ഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും യുക്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അബ്രഹാം ജോര്‍ജ്ജ്. 2005ല്‍ തുടങ്ങിയ ഷെഫീര്‍ഡ് അസോസിയേഷനില്‍ രണ്ടു പ്രാവശ്യം പ്രസിഡണ്ട് ആവുകയും അന്നുമുതല്‍ ഇന്നുവരെ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. യുക്മയുടെ ദേശീയ കമ്മറ്റിയില്‍ നാലുപ്രാവശ്യം അംഗമായിരുന്നു. അസുഖമായ കാലഘട്ടങ്ങളില്‍ പോലും അസോസിയേഷന് പരിപാടികളില്‍ പങ്കെടുക്കാനും നേതൃസ്ഥാനങ്ങള്‍ വഹിക്കാനുമുള്ള ചങ്കൂറ്റം കാട്ടിയ ഉറച്ച മനസിന് ഉടമയായിരുന്നു അബ്രഹാം.
ഏതൊരു യോഗത്തിലും ഒരു കാരണവരുടെ സ്ഥാനമായിരുന്ന അപ്പിച്ചായന് മറ്റുള്ളവര്‍ക്ക് നല്ലൊരു മാര്‍ഗ്ഗദര്‍ശിയും ഉപദേശകനും ആയിരുന്നു. കേരളത്തിലെ റോട്ടറി ക്ലബ്ബില്‍ തുടങ്ങിയ സംഘടനാ പാടവവും അസാമാന്യ പ്രഭാഷണ പാടവവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും സരസമായ സംഭാഷണങ്ങളും രാഷ്ട്രീയപരമായും സാഹിത്യപരമായും കലാപരമായുമുള്ള ആഴമായ അറിവും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയിരുന്നു. യുകെയിലെ മാഞ്ചസ്റ്റര്‍ മാര്‍ത്തോമ്മാ സഭ ഇടവകയുടെ വൈസ് പ്രസിഡന്റും ആയിരുന്നു.
കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗമായ അപ്പിച്ചായന് അവിടുത്തെ പ്രമുഖമായ തെക്കേമലയിലെ വരാമണ്ണില്‍ കുടുംബാംഗമാണ്. ഭാര്യ സൂസന് ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. ഡോ. സുജിത്ത് അബ്രഹാം (ജിപി), സിബിന് എബ്രഹാം എന്നിവരാണ് മക്കള്‍. ഷെറിന്, അനു എന്നിവര്‍ മരുമക്കളാണ്.
ദേവാലയത്തിന്റെ വിലാസം
St. Patrick’s Catholic Church,
Sheffield Lane Top,
Barnsley Road, Sheffield S5 0QF
Leave a Reply