കാലടി: എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുടുക്കാന്‍ ശരീരത്തില്‍ ഗുരുതര മുറിവുണ്ടാക്കി എബിവിപിക്കാരന്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ലാല്‍ മോഹനന്‍ നല്‍കിയ പരാതിയാണ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ലാലിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇത് ഇയാള്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിന് പ്രതികാരം തീര്‍ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്ന് ലാല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കോളേജില്‍ നടന്ന ഒരു ഡി.ജെ പാര്‍ട്ടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും എബി.വി.പി ഭാരവാഹികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കേസില്‍ കുടുക്കാനായിരുന്നു എ.ബി.വി.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലാല്‍ മോഹനന്‍, മറ്റൂര്‍ വട്ടപറമ്പ് സ്വദേശിയായ മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ ഗൂഢാലോചന നടത്തുകയും വ്യാജക്കേസ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യത്തെ ലാല്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച പോലീസിന് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമായി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 5 തുന്നലുകള്‍ ഉണ്ടാവാന്‍ പാകത്തിലുള്ള മുറിവ് ശരീരത്തിലുണ്ടാക്കുകയായിരുന്നുവെന്ന് ലാല്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത മനീഷ് കാലടി പോലീസ് സ്റ്റേഷനില്‍ കൊലപാതകം അടക്കം നിരവധി കേസുകള്‍ അടക്കം പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്.