ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞ പ്രവാസി യുവാവ് സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ സംബവം ഏറെ ചർച്ചയാവുകയാണ്. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരിച്ചത്. ഇദ്ദേഹം മുൻപ് കുടുംബസമേതം സൗദിയിലായിരുന്നു. പിന്നീടാണ് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോയത്.
തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് മരിക്കുന്നതിന് മുൻപത്തെ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിച്ചിരുന്നത്.
ഭാര്യയുടെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്യുന്നതും ഭാര്യ അക്കാര്യം സമ്മതിക്കുന്നതുമായ വീഡിയോയും ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന്റെ കൂടെയാണ് തന്നെ ചതിച്ചത് ഭാര്യയും അവരുടെ ബന്ധുക്കളും കാമുകനുമാണെന്ന് ആരോപിക്കുന്ന വീഡിയോയും ബൈജു രാജ് പോസ്റ്റ് ചെയ്തിരുന്നത്. മകളെ തന്നിൽ നിന്ന് വ്യാജകഥകൾ മെനഞ്ഞ് അകറ്റിയെന്നും സ്വത്തുക്കൾ ഭാര്യാമാതാവ് സ്വന്തമാക്കിയെന്നുമടക്കം ബൈജു ആരോപിച്ചിരുന്നു.
നിരവധി പേർ ബൈജുവിന്റെ നിസ്സഹയാവസ്ഥയിൽ പരിതപിച്ചപ്പോൾ ബൈജു രാജ് മരിക്കേണ്ട വ്യക്തിയാണെന്ന തരത്തിലുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആക്ടിവിസ്റ്റുകൾ. ഇവരുടെ പോസ്റ്റുകള് പലതും വിവാദമാവുകയും അതിൽ വിശദീകരണവുമായി ഇവർ തന്നെ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകയായ ശരണ്യ എം ചാരു പറയുന്നത് ‘ആത്മഹത്യ ചെയ്ത ആ മനുഷ്യന്റെ ടോക്‌സിക്ക് പേഴ്സണാലിറ്റി ആ വീഡിയോയിൽ തന്നെ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടാണ് അയാൾ ആത്മഹത്യ ചെയ്തത്.’- എന്നാണ്.
‘അത്തരമൊരു മനുഷ്യന്റെ കൂടെ ആ സ്ത്രീ എങ്ങനെ ഇത്രേം വർഷം ജീവിച്ചു എന്നതാണ് ആ വീഡിയോയിലെ വിഷയം.വൈകിയെങ്കിലും അവരയാളെ ഉപേക്ഷിച്ചു പോവുകയും, അത്തരമൊരു മനുഷ്യനിൽ നിന്ന് തന്റെ കുഞ്ഞിന്റെ ജീവിതം സേഫ് ആക്കുകയും ചെയ്തു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.ഇവിടെ ഒരുപാട് സ്ത്രീകളെ കൊണ്ട് കഴിയാതൊരു കാര്യമാണത്. അതിനവരുടെ കുടുംബം അവരുടെ കൂടെ നിന്നു എന്നതും ശ്രദ്ധേയമാണ്.
ആത്യന്തികമായി ഒരു മനുഷ്യന്, ആണിനും പെണ്ണിനും ഏറ്റവും ആവശ്യമായിട്ടുള്ളത് അവനവന്റെ സന്തോഷങ്ങളാണ്. സ്‌നേഹമാണ്. ചേർത്ത് നിർത്തലുകളാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന വിഷയമേ ഉള്ളൂ.സന്തോഷമായിട്ടിരിക്കുക. സ്‌നേഹമായിട്ടിരിക്കുക. അത്രേ ഉള്ളൂ.’- എന്നാണ് ശരണ്യ അഭിപ്രായപ്പെട്ടത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്തുണയ്ക്കുന്നവരും കുറവല്ല.
അതേസമയം, നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ലാലി പി പറയുന്നത് ഇങ്ങനെ:
‘ആത്മഹത്യ ചെയ്ത ആആൾ സ്വന്തം ഭാര്യയെ മുൾമുനയിൽ നിർത്തി സത്യം പറയിപ്പിക്കുന്നതും അബ്യൂസിവായി പെരുമാറുന്നതും കണ്ടു ദേഷ്യം വന്നിട്ട് എഴുതിയതായിരുന്നു ഈ പോസ്റ്റ്. അതിൽ മനുഷ്യത്വമില്ലായ്മയുടെ കണ്ടന്റ് ഉണ്ട് എന്ന് മനസ്സിലായത് കൊണ്ട് എഡിറ്റ് ചെയ്യുന്നു. താൻ ആത്മഹത്യ ചെയ്തു കഴിഞ്ഞാലും ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന് മനോഭാവത്തോടെ അയാൾ ഇട്ടതാണ് ആ വീഡിയോ എന്നാണ് എനിക്ക് തോന്നിയത്. ഇത്രയും ടോക്‌സിക്കായ ഒരു റിലേഷൻഷിപ്പിൽ സ്ത്രീകൾ എന്തിനാണ് പിന്നെയും കടിച്ചു തൂങ്ങുന്നത്. ? എന്നാലും അയാൾ ആത്മഹത്യ ചെയ്യേണ്ടതില്ലായിരുന്നു. ലോകത്ത് എത്രയോ ഭാര്യമാർ ഭർത്താക്കന്മാരുടെ അവിഹിതം അറിഞ്ഞിട്ടും അറിഞ്ഞതായി നടിക്കാതെയും ക്ഷമിച്ചും പൊറുത്തും പറ്റില്ലെങ്കിൽ വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയും ഒക്കെ ജീവിക്കുന്നു.ഇത്തരം വാർത്തകളുടെ അടിയിൽ തെറിവിളികളുമായി കൂടുന്ന മലയാളികൾ ഏറി വരികയാണെന്ന് തോന്നുന്നു’
മുൻപ്; ‘ഭാര്യക്ക് അവിഹിതം ഉണ്ടെന്നറിഞ്ഞ് മരിക്കാൻ നിൽക്കുന്ന ആൾക്കാർ മരിക്കുന്നത് തന്നെയാണ് നല്ലത്. പോട്ട് പുല്ല് എന്ന് പറഞ്ഞ് ആ ജീവിതത്തിൽ നിന്നും ഇറങ്ങി നടക്കാനുള്ള മനസ്സാന്നിധ്യം ഇല്ലാത്ത ഇത്തരം മനുഷ്യർ ഇതല്ലെങ്കിൽ മറ്റൊരു കാരണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യും.. അതിന് ആ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.’ എന്നായിരുന്നു ലാലി അഭിപ്രായപ്പെട്ടത്. പിന്നീട് അക്കാര്യം എഡിറ്റ് ചെയ്യുകയായിരുന്നു.
മനശാസ്ത്രജ്ഞ കൂടിയായ ശ്രീകല അഭിപ്രായപ്പെട്ടത് അദ്ദേഹം മരിക്കേണ്ടിയിരുന്നില്ല, കഷ്ടമായിപ്പോയി എന്നാണ്. ‘ആ സ്ത്രീ ചെയ്തത് തെറ്റുതന്നെയാണ്. ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തെറ്റാണ് എന്നൊന്നും അഭിപ്രായം ഇല്ല. രണ്ട് ആളുകൾ ഒരുമിച്ചു ജീവിക്കുന്നത് ആർക്കും ആരെയും ഭരിക്കാനോ, മുൾമുനയിൽ നിർത്തി ചോദ്യം ചെയ്ത് നിസ്സഹായത കണ്ട് ആസ്വദിക്കുവാനോ, കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ച് സുഖിക്കാനോ അല്ല. ഇത് ഇരുപേർക്കും ബാധകവുമാണ്.’
‘പരസ്പരം പാലിക്കേണ്ട ചില മര്യാദകൾ നിര്ബന്ധമാണ്. ഭയപ്പെടുത്തി ഭരിച്ചു പോകാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. ചിലർ പ്രതികരിക്കും. പ്രതികരിക്കാൻ ഭയമുള്ളവർ മറ്റേതെങ്കിലും സന്തോഷങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ സഞ്ചരിച്ചുപോകും. പുതിയ ഉറവിടം അപകടമാണന്ന ബോദ്ധ്യത്തെ മനപ്പൂർവം മറന്നതായി ഭാവിക്കും.’
‘ഇവിടെയും ഭർത്താവ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽനിന്നും, ഇവരുടെ ബന്ധത്തെ മനസിലാക്കുന്നത്, അയാൾ യജമാനനും അവൾ അടിമയും എന്നുതന്നെയാണ്. ഒരു അടിമയ്ക്കും യജമാനനെ ആത്മാർഥമായി സ്‌നേഹിക്കാൻ കഴിയില്ല. ഭയക്കാനേ കഴിയൂ. അല്ലങ്കിൽ ഭയന്നിട്ട് സ്‌നേഹിക്കുന്നപോലെ അഭിനയിക്കാൻ.
ചില സ്‌നേഹങ്ങളും ആശ്വസിപ്പിക്കലുകളുമൊക്കെ, ചിലപ്പോൾ ഈ ഭയത്തെ ഭേതപ്പെടുത്തുകയും ചെയ്യും. അടിമയ്ക്ക് അങ്ങനെ ആകാനേ കഴിയൂ.കുറ്റം പറഞ്ഞിട്ട് കാര്യമില്ല.’
‘എനിക്ക് ഒരു തെറ്റുപറ്റിപ്പോയി അച്ചായാ’ എന്ന് പറയുമ്പോൾ അയാളിലെ ആത്മാഭിമാനത്തിന് ആ തെറ്റിനെ തലോടി തണുപ്പിക്കാൻ ആകില്ല. അയാളെ അതിനു തെറ്റുപറയാനുമാകില്ല . ഇതൊക്കെ അത്രകണ്ട് ചെറിയ സംഗതിയായി കണക്കിലെടുക്കാനും, മറന്നുകളഞ്ഞിട്ടു പഴയപടി ജീവിക്കാനുമൊന്നുംതക്ക മാനസിക പക്വതയൊന്നും, നമ്മുടെ ചുറ്റുപാടുകൾ, അവർ വളത്തിയെടുക്കുന്ന പുരുഷന്മാർക്ക് പകർന്നുകൊടുത്തിട്ടില്ല. എന്നാൽ ഭർത്താക്കന്മാരുടെ അവിഹിതങ്ങൾ പൊറുത്തും, അലക്കി വെളുപ്പിച്ചും, തലയിൽപ്പേറി ശിരസ്സ് കുനിച്ചും ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്.’- എന്നും ശ്രീകല അഭിപ്രായപ്പെടുന്നു.
Leave a Reply