കാഥികനും, നടനും, കുറവിലങ്ങാട് എച്ച്. എം. മേജർ പ്രസ്സ് ഉടമയുമായ ജോസഫ് ചാക്കോ ഓർമ്മയായി. അമ്പത് വർഷം പരി. അമ്മയുടെ മുമ്പിൽ പാടിയ ചാക്കോച്ചന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ യാത്രാമൊഴി.
കുറവിലങ്ങാട്: കഥാപ്രസംഗ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് ചാക്കോ (88) നിര്യാതനായി. ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടത്തപ്പെടും.
കുറവിലങ്ങാട് കടവും കണ്ടത്തിൽ കുടുംബാംഗമാണ്. കാണക്കാരി വടക്കേ പുതുശ്ശേരി കുടുംബാംഗമായ മേരിയാണ് ഭാര്യ. ആനി ജോയ്, സാലി ജോയ്, സണ്ണി ജേക്കബ്ബ്, ടോമി ജേക്കബ്ബ്, ജോമോൻ ജേക്കബ്ബ് എന്നിവർ മക്കളും ജോയ് ചെരുവിൽ, ജോയി വെള്ളയമ്പള്ളിൽ, ആലീസ് മണിമല, ബെറ്റി അടിച്ചിറ, റോസ് വൈക്കം എന്നിവർ മരുമക്കളുമാണ്.
കലാരംഗത്ത് ജോസഫ് ചാക്കോയുടെ സംഭാവനകൾ നിരവധിയാണ്. 1980കളിൽ കഥാപ്രസംഗ രംഗത്ത് കേരളത്തിൽ തിളങ്ങി നിന്ന കലാകാരനായിരുന്നു ജോസഫ് ചാക്കോ. ”അഭിലാഷം” എന്ന കഥാപ്രസംഗം ജനശ്രദ്ധ നേടിയിരുന്നു. നല്ലൊരു ഗായകനും നടനും അതിലുപരി വിവിധ തരത്തിലുള്ള വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജോസഫ് ചാക്കോ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാർമോണിയം ആയിരുന്നു ഇതിൽ പ്രധാനം. അമ്പതു വർഷത്തിനു മേൽ കുറവിലങ്ങാട് മർത്ത്മറിയം ദേവാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് ഗാനമാലപിച്ചു എന്ന ഖ്യാദിയും ജോസഫ് ചാക്കോയ്ക്ക് സ്വന്തം. മക്കളും മരുമക്കളുമായിരുന്നു ഇക്കാലമത്രയും ക്വയർ ഗ്രൂപ്പിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നത്. ജോസഫ് ചാക്കോയുടെ മരണ വാർത്തയറിഞ്ഞ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
അച്ചടി പ്രസ്ഥാനം കേരളത്തിൽ സജ്ജീവമാകുന്നതിന് വളരെ മുമ്പുതന്നെ എച്ച്. എം. മേജർ പ്രസ്സ് എന്ന പേരിൽ ഒരു പ്രിന്റിംഗ് പ്രസ്സ് ജോസഫ് ചാക്കോ കുറവിലങ്ങാട്ട് സ്ഥാപിച്ചു. പ്രിന്റിംഗ് മേഖലയിൽ കുറവിലങ്ങാടിനും സമീപ പ്രദേശങ്ങൾക്കും ഏക ആശ്രയമായിരുന്നു എച്ച്. എം. മേജർ പ്രസ്സ്. അതു കൊണ്ടു തന്നെ ഒരു കലാകാരനെന്നതിലുപരി എച്ച്. എം. മേജർ പ്രസ്സിലെ ചാക്കോച്ചൻ എന്ന പേരിലാണു കുറവിലങ്ങാട്ട് അറിയുന്നത്. ജോസഫ് ചാക്കോയുടെ വേർപാട് കലാരംഗത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
ജോസഫ് ചാക്കോയ്ക്കും കുടുംബത്തിനും മലയാളം യു. കെ. ന്യൂസിന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
Leave a Reply