ആലുവ ചുണങ്ങംവേലിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. സെന്റ് മേരീസ് പ്രൊവിന്‍സിലെ അംഗങ്ങള്‍ക്കാണ് രോഗം. രണ്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 20 േപരുടെ പരിശോധനാഫലംകൂടി വരാനുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്. തിരുവനന്തപുരത്ത് കീം എന്‍ട്രസ് എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കുന്നത് രണ്ടു ദിവസത്തേക്ക് നീട്ടി.

ഈ മാസം പതിനാലിന് തമിഴ്നാട്ടിലെ കമ്പത്ത് പോയി മടങ്ങിവന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതടുങ്ങിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് സ്ഥിരീരിച്ചത്. ഇദ്ദേഹത്തോടൊപ്പം കമ്പത്തുപോയി മടങ്ങിയ മകനും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും വിളിച്ച മല്‍സ്യവ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. ചെയര്‍മാനും സെക്രട്ടറിയും ഉള്‍പ്പെടെ ക്വാറന്‍റീനിലേക്ക് മാറി.

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർ അവധിയിലായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ പാലക്കാട്, മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. കണ്ടക്ടര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് KSRTC പുനലൂർ ഡിപ്പോ പൂട്ടി.