ഗായിക അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല. അമൃതയുടെയും ബാലയുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് പൊസിറ്റീവാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗായിക നടനെതിരെ രംഗത്തെത്തിയത്. ബാല തന്നെയാണ് മകള്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത് എന്നായിരുന്നു വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്.

സ്വന്തം അമ്മയും ഇങ്ങനെ ഒരു അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഉത്കണ്ഠ കൊണ്ടാണ് വിളിച്ചത്. എന്നാല്‍ താന്‍ ചോദിച്ചതിനുള്ള ഉത്തരം മാത്രം അമൃത തന്നില്ല എന്നാണ് ബാല പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. തനിക്ക് ഉത്തരം തന്നിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ആവശ്യമില്ല, ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല എന്ന് ബാല പറയുന്നു.

ബാലയുടെ വാക്കുകള്‍:

ആദ്യമേ വലിയ നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്നവരെല്ലാം പ്രാര്‍ത്ഥിച്ചു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അമ്മ സുഖമായി വരുന്നു. നാലഞ്ച് ദിവസമായി എന്റെ മനസ്സ് എന്റെ കൂടിയില്ലായിരുന്നു. കുറച്ച് ഗുരുതരമായിരുന്നു. ദൈവം സഹായിച്ച് ഞാന്‍ ഇവിടെയെത്തി. ഇന്നലെയും ഇന്നുമായി സുഖമായി വരികയാണ്. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. രണ്ട് കാര്യം ഞാന്‍ തിരുത്തി പറയേണ്ടതുണ്ട്.

നമ്മള്‍ സ്‌നേഹിക്കുന്നവര്‍, അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍, അത് ഗുരുതരമാകുമ്പോള്‍ നമ്മള്‍ അടുത്തുണ്ടെങ്കിലും ഭയങ്കര ടെന്‍ഷനുണ്ടാകും. അതുപോലെ തന്നെ നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നം വന്നെന്നറിയുമ്പോള്‍, അവര്‍ക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ അവര്‍ നമ്മുടെ അടുത്തില്ലാത്തപ്പോഴുള്ള അവസ്ഥ അതിലും കൂടുതല്‍ ടെന്‍ഷനുള്ളതായിരിക്കും.

ഇത് രണ്ടും ഒരേ സമയത്ത് ഞാന്‍ അനുഭവിച്ചു. ആ സമയത്ത് കുറെ ചര്‍ച്ചകളൊക്കെ വന്നിരുന്നു. ആത്മാര്‍ഥമായി ഒരു കാര്യം ചിന്തിച്ചു നോക്കൂ. ഒരു കാര്യം സിമ്പിളാണ്. ഏറെ ഉത്കണ്ഠ ഫോണില്‍ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല.

ഒരു ഉത്കണ്ഠ, സ്‌നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടി കൊണ്ടു പോയതാണ് പ്രശ്‌നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ് വിഷമിച്ച അവസ്ഥയിലാണ്, അവസാനം പൊട്ടിത്തെറിച്ചു. അതൊരു സ്‌നേഹത്തിന്റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതല്‍ വിശദീകരിക്കുന്നില്ല.

ഇന്ന് എറണാകുളത്ത് 38 ശതമാനമായാണ് കൊവിഡ് രോഗ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പാലാരിവട്ടത്ത് എനിക്കൊരു ഫ്‌ളാറ്റുണ്ട്. അതിന് പുറകില്‍ ഉള്ള 47 വയസ്സുള്ള ചേട്ടന് സുഖമായി തുടങ്ങിയതായാണ് മിനിഞ്ഞാന്ന് അറിഞ്ഞത്. ഇന്ന് രാവിലെ മരിച്ച വാര്‍ത്തയാണ് അറിഞ്ഞത്. ഈ കൊറോണ എന്താണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നില്ല. പക്ഷേ മനുഷ്യത്വം, സ്‌നേഹം അത് മനസ്സിലാക്കണം.

ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എന്റെ ഏറ്റവും വലിയ ശത്രുവിനുപോലും കൊറോണ വരാതെയിരിക്കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. എല്ലാ വിഷമങ്ങളും ദൈവത്തോട് പറയുക, ഈ സമയം അതാണ് വേണ്ടത്, ബാക്കിയുള്ള കാര്യങ്ങള്‍ മറക്കാം, നല്ല രീതിയില്‍ ചിന്തിക്കാം, സ്‌നേഹമെന്തെന്ന് മനസ്സിലാക്കുക, പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി, അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുയാണ്.