നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. കരള്‍ രോഗബാധിതനായ താരം ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് ആദ്യം പ്രചരിച്ചത്. ഇതോടെ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശങ്കയിലായി. എന്നാല്‍ നടന്റെ അവസ്ഥ കുഴപ്പമൊന്നുമില്ലെന്ന് പിന്നീട് വിവരം വന്നു.

നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുന്ന ബാലയ്ക്ക് അടുത്ത ദിവസം ഒരു സര്‍ജറി നടത്താന്‍ പോവുകയാണ്. ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ എന്ന് പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞ് ബാല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നുമെടുത്ത പുത്തനൊരു വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പം തങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കുയാണെന്ന് പറഞ്ഞാണ് ബാല വന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസമായി. ഈ ഡോക്ടറുടെ (ഭാര്യ എലിസബത്ത്) നിര്‍ബന്ധപ്രകാരം വന്നതാണ്. ഇത്രയും നാള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്.

ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജറായിട്ടൊരു ഓപ്പറേഷനുണ്ട്. അതില്‍ മരണത്തിന് വരെ സാധ്യതയുണ്ട്. അതിജീവനത്തിനുള്ള സാധ്യതകളാണ് കൂടുതലുള്ളത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ കൊണ്ട് മുന്നോട്ട് പോകുമെന്നാണ് വിചാരിക്കുന്നത്. നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ലെന്നും,’ ബാല പറയുന്നു.

ഇന്നത്തെ ദിവസത്തെ പ്രത്യേകതയെ കുറിച്ച് പറയാന്‍ ബാല ഭാര്യ എലിസബത്തിനെ ഏല്‍പ്പിച്ചു. ‘ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കുമെന്നും’, എലിസബത്ത് പറയുന്നു.

‘ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണമെന്ന്,’ എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം. ഇത്രയും നാള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും’, ബാല കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആശുപത്രിയില്‍ തന്റെ ബന്ധുക്കള്‍ വന്നതിനെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. ‘അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് വരാന്‍ പറ്റിയില്ലെന്നും തന്റെ ചിറ്റപ്പനും ചിറ്റമ്മയുമാണ് കൂടെ ഉള്ളതെന്നും ബാല പറഞ്ഞു. എന്റെ ഓപ്പറേഷന് മുന്‍പ് ഒപ്പിട്ട് കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ട് പേരും നാട്ടില്‍ നിന്നുമെത്തിയതെന്നാണ്, ബാല പറയുന്നത്.

ആശുപത്രിയില്‍ നിന്നുള്ള വിവാഹ വാര്‍ഷിക ആഘോഷത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളിലേത് അടക്കമുള്ള ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എത്രയും വേഗം ബാല അസുഖംഭേദമായി ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആശംസിക്കുകയാണെന്ന് പറഞ്ഞാണ് ആരാധകരടക്കം കമന്റുകളുമായി എത്തുന്നത്.

2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്.

2021 സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്‌നങ്ങളുമാണ് ബാലയുടെ ജീവിതത്തിലുണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.