വീണ്ടും വിവാഹിതനാകുന്നു എന്ന വ്യാജ വാര്‍ത്തക്കെതിരെ പ്രതികരണവുമായി നടന്‍ ബാല. ചെന്നൈയില്‍ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ അവിടെ എത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് താന്‍ അതിനിടെയാണ് വിവാഹത്തെ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയെന്ന് ബാല പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.
”ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. എന്റെ ആരാധകരെ ഞാന്‍ ശരിക്കും സ്‌നേഹിക്കുന്നു അവരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ആദ്യം എതിര്‍ക്കുന്നത് ഞാനാണ്. ഇതാണ് സത്യം” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാലയുടെ വാക്കുകള്‍:
അച്ഛന്‍ തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയില്‍. ചെന്നൈ പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.
ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.
ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.
Leave a Reply