നടുറോഡില്‍ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്‌റ്റൈലില്‍ കയ്യോടെ പിടികൂടി നടനും പോലീസുകാരനുമായ ജിബിന്‍ ഗോപിനാഥ്. തന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ പിടികൂടിയ കാര്യം ജിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം പിഎംജിക്ക് സമീപത്തെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനാണ് ജിബിന്‍ ഗോപിനാഥ്. മിന്നല്‍ മുരളി, കോള്‍ഡ് കേസ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 16 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ആദ്യമായാണ് ഒരു കള്ളനെ പിടികൂടുന്നതെന്ന് ജിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വീടിനുള്ളിലേക്ക് വാഹനം കയറാത്തതിനാല്‍ പട്ടം പ്ലാമൂട് റോഡിന് സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിന്‍ സ്ഥിരമായി കാര്‍ പാര്‍ക്ക് ചെയ്യുന്നത്. ഇന്നലെ വൈകിട്ട്, കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയില്‍ പോയി ഇരുചക്ര വാഹനത്തില്‍ മടങ്ങി വരുമ്പോള്‍ കാറിനോട് ചേര്‍ന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതും കണ്ടതായി ജിബിന്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാള്‍ പുറത്തിറങ്ങി വന്നു. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു. കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോള്‍ സ്റ്റീരിയോ ആണെന്നും പറഞ്ഞു. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോള്‍ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ഇയാളെ മ്യൂസിയം പോലീസിന് കൈമാറിയെന്നും ജിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….

ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വര്‍ഷത്തെ police ജീവിതത്തില്‍ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്,
വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ chocolate കൊതി നിര്‍ബന്ധം കാരണം, അത് വാങ്ങാന്‍ two വീലറില്‍ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികില്‍ കുറച്ച് അടുത്തായാണ് എന്റെ car park ചെയ്തിരുന്നത്.. ചെറിയ gate അടഞ്ഞു കിടന്നതിനാല്‍ തുറക്കാന്‍ ചെന്ന ഞാന്‍, car നോട് ചേര്‍ന്ന് കാറിനു road ലേക്ക് ഇറങ്ങാന്‍ പറ്റാതെ ഒരു auto park ചെയ്‌തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ driver നെ മനസ്സില്‍ തെറി പറഞ്ഞു ചെറിയ gate open ആക്കി തിരിഞ്ഞ ഞാന്‍, എന്തോ ഒരു അസ്വാഭാവികത feel ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ car അല്ലെയെന്നു.കാരണം driving seat ല്‍ വേറൊരാള്‍ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാള്‍ പുറത്തിറങ്ങാന്‍ wait ചെയ്തു.ഒരു മിനിറ്റില്‍ അദ്ദേഹം car ലേ audio video മോണിറ്റര്‍ system എല്ലാം കൈയില്‍ പിടിച്ചു വളരെ നൈസര്‍ഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു.കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് stereo എന്നാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ ‘സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, ‘എന്ന്. ചെറുതായി മനസ്സലിവ് തോന്നിയെങ്കിലും ഉടന്‍ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി. ആള്‍ക്കാരെ വിളിച്ചുകൂട്ടി, പിന്നെ police ആയി പത്രക്കാരായി..
എന്തായാലും museum station ല്‍ case എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്.
അങ്ങനെ service ല്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ….