കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകൡ നടന്‍ ദിലീപിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതായി കണ്ടെത്തി. അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി 21 ഏക്കര്‍ ഭൂമി ദിലീപ് കൈവശമാക്കിയിട്ടുണ്ട്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നിയമം അനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശം വെക്കാന്‍ കഴിയുക.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് അന്വേഷണത്തിനുള്ള ചുമതല. ഇന്ന് വൈകിട്ട് 5 മണിക്കു മുമ്പായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ അധികം വരുന്ന 6 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടും. ചാലക്കുടിയിലെ ഡി സിനിമാസിനു വേണ്ടി കയ്യേറ്റം നടത്തിയെന്ന പരാതിക്കു പിന്നാലെ കുമരകം, എറണാകുളം എന്നിവിടങ്ങളിലും കയ്യേറ്റം നടത്തിയതായി പരാതികള്‍ വന്നിരുന്നു.

കുമരകം വില്ലേജിലെ 12-ാം ബ്ലോക്കിലെ 190ആം സര്‍വേ നമ്പരില്‍ പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കയ്യേറി മറിച്ചു വിറ്റെന്നാണ് ആരോപണം ഉയര്‍ന്നത്. ഭൂമികയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും പരാതിയുണ്ട്. ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.