ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടന്‍ മമ്മൂട്ടിയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ഷൂട്ടിങ്ങിനായെത്തിയ മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യ കാണുകയായിരുന്നു.

‘രാജ്യത്ത് എത്തിയതിന് നന്ദി. നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണ്’ കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു.

നാളെ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. എം.ടിയുടെ തിരക്കഥയില്‍
രഞ്ജിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിലെത്തിയത്.

എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി സിനിമാ സീരീസില്‍ ‘കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ഭാഗമാണ് സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗന്നാവ. മമ്മൂട്ടി പി.കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗന്നാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മയാണ് ‘കടുഗണ്ണാവ’.

‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങള്‍.

എം.ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് മറ്റുകഥകള്‍ക്ക് ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്.