നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജിയില്‍ അന്തിമതീരുമാനം ഇന്നുണ്ടായേക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക.

കൊല്ലത്തുനിന്നുള്ള നേതാക്കളടക്കം സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നുണ്ട്. മുകേഷ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംസ്ഥാന സമിതി യോഗത്തോടെ തീരുമാനമുണ്ടാവും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെങ്കില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് മുകേഷ് പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍, ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് മുകേഷിന്റെ നിലപാട്. ഇത് മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.

മുകേഷിന്റെ രാജി ആവശ്യം പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നവരില്‍നിന്നും ശക്തമായിത്തന്നെ ഉയരുന്നുണ്ട്. ഇതില്‍ പ്രധാനം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നിലപാടാണ്. ലൈംഗികാരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉയര്‍ത്തിയ പ്രതിരോധം. ഇതിനെ പരോക്ഷമായി തള്ളുന്നതായിരുന്നു ബൃന്ദ കാരാട്ടിന്റെ നിലപാട്. അവര്‍ ചെയ്തതുകൊണ്ട് നമ്മളും അങ്ങനെ ചെയ്യുന്നുവെന്ന നിലപാടല്ല കൈക്കൊള്ളേണ്ടത് എന്നാണ് ബൃന്ദ പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

ഡല്‍ഹിയില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, ഇത് കേരളത്തിലെ കാര്യമാണെന്നും അവിടെയാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി. എല്‍ദോസ് കുന്നപ്പിള്ളിലിന്റേയും എം. വിന്‍സെന്റിന്റേയും കാര്യം ചൂണ്ടിക്കാട്ടി മുകേഷിനെ കൈവിടേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്.

മുകേഷിന്റെ രാജി ആവശ്യപ്പെടണമെന്ന നിലപാടായിരുന്നു കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ. നിര്‍വാഹകസമിതിയില്‍ ഭൂരിപക്ഷത്തിനുണ്ടായിരുന്നത്. എം.എല്‍.എ. സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെട്ട് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്ന നിലപാട് രണ്ട് എം.പിമാരടക്കം മൂന്നുപേര്‍ സ്വീകരിച്ചതായാണ് സൂചന.

സി.പി.ഐ- സി.പി.എം. തര്‍ക്കമില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആനി രാജ രംഗത്തെത്തിയിരുന്നു. എന്നാല്‍, കേരളത്തിലെ സി.പി.ഐ.യുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. രണ്ടുദിവസത്തിനുള്ളില്‍ മുകേഷ് രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി. സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന നിലപാടുമായി ആക്ടിവസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകയുമായ കെ. അജിതയും രംഗത്തെത്തിയിട്ടുണ്ട്.

രാജിക്കായി വലിയ രീതിയിലുള്ള മുറവിളി പ്രതിപക്ഷം ഉയര്‍ത്തുന്നില്ലെങ്കിലും കുറ്റാരോപിതരെ സംരക്ഷിക്കുന്നതിന് സി.പി.എമ്മില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പുണ്ടെന്ന ആരോപണവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി. മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതി ജഡ്ജിക്ക് സി.പി.എം. ബന്ധമുണ്ടെന്ന ആരോപണമായിരുന്നു അനില്‍ അക്കര ഉയര്‍ത്തിയത്‌. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

ഇതിനിടെ, മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള നടപടികളുമായി മുകേഷും അന്വേഷണനടപടികളുമായി പ്രത്യേക അന്വേഷസംഘവും മുന്നോട്ടുപോവുകയാണ്. മുകേഷ് വെള്ളിയാഴ്ച കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്ത മുകേഷ്, കാറിലെ ഔദ്യോഗിക ബോര്‍ഡ് ഒഴിവാക്കിയാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. തന്റെ കൈവശമുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറിയതായാണ് സൂചന.

പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. കെ.ബി. ബെന്നിയുടെ നേതൃത്വത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തി. വൈകിട്ടോട്ടെ മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതിക്കാരി രഹസ്യമൊഴിയും നല്‍കി. മുകേഷിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി നല്‍കിയെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ച വരെ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.