സോഷ്യൽ മീഡിയയിലൂടെ നടി പാർവതി തിരുവോത്തിനെ അപമാനിക്കാൻ ശ്രമിച്ച അഭിഭാഷകനും, സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ഒരുമാസമായി ഇയാൾ പാർവതിയുടെ കുടുംബത്തെ ഫോൺ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പാർവ്വതി പോലീസിൽ പരാതി നൽകുകയായിരുന്നു.
കിഷോർ എന്ന് പരിചയപ്പെടുത്തി പാർവ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് മെസഞ്ചർ വഴി യുവാവ് ബന്ധപ്പെടുകയായിരുന്നു. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സംഭാഷണം തുടങ്ങിയത്. പാർവതിയുടെ സഹോദരനോട് പാർവ്വതിയെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ ഇയാൾ ശ്രമിച്ചു. ഈ സമയം പാർവ്വതി യുഎസിലായിരുന്നു എന്നാൽ പാർവതി അമേരിക്കയിൽ അല്ലെന്നും കൊച്ചിയിൽ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാൾ സഹോദരനോട് പറഞ്ഞു.
”എങ്ങനെയെങ്കിലും പാർവതിയെ കൊച്ചിയിൽ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകൾ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാർവതിയെ പരിചയമുണ്ട്”- വോയ്സ് മെസേജിൽ യുവാവ് പറഞ്ഞു. എന്നാൽ ഇതെല്ലാം സഹോദരൻ തള്ളിയതോടെ പാർവതിയുമായി പ്രണയത്തിലായിരുന്നുവെന്നായി യുവാവ്. പാർവതി കുടുംബത്തോട് കള്ളം പറയുകയാണെന്നും അമേരിക്കയിൽ പോയിട്ടില്ലെന്നും യുവാവ് ആവർത്തിച്ചു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ശല്യം സഹിക്കാതായതോടെ സഹോദരൻ മറുപടി നൽകുന്നത് നിർത്തി.
പിന്നാലെ പാർവതിയുടെ അച്ഛനും യുവാവ് സന്ദേശങ്ങളയക്കാൻ തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെ ഒക്ടോബർ പതിന്നാലിന് യുവാവ് വീട്ടിലെത്തി. പിന്നാലെ പാർവതിക്ക് ഒരു രഹസ്യ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെന്നും മറ്റും പറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് ശല്യം തുടർന്നു. മാതാപിതാക്കൾ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ ‘നിങ്ങളൊരു പരാജയ’മാണെന്നും മറ്റും യുവാവ് പറഞ്ഞതായി പരാതിയിൽ പറയുന്നു.
നിരന്തരമായി ശല്യം തുടർന്നതോടെ മെസേജുകളുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയിൽ 345 ഡി വകുപ്പും കേരളാ പോലീസ് 1200ഉം അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ സിനിമയിലെ പാർവതിയുടെ സുഹൃത്തുക്കളെ വിളിച്ചും ഇയാൾ ശല്യം ചെയ്തതായാണ് വിവരം.
Leave a Reply