സിനിമ നടീനടന്‍മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബു മാറിയ ഒഴിവിലാണ് സിദ്ദിഖ് എത്തുന്നത്. സംഘടനയുടെ പ്രസിഡന്റായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.

നാല് തവണ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി.

ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു നടന്‍. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്.

25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുകയായിരുന്നു. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരം തുടരുകയായിരുന്നു.