നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരായി പിറവം മണ്ഡല ത്തിൽ നിന്നും കിഴക്കമ്പലം ട്വന്റി-ട്വന്റിയ്ക്കായി ജനവിധി തേടുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് ശ്രീനിവാസൻ. ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും എന്നാൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റി ട്വന്റിയെ അഭിനന്ദിച്ച ശ്രീനിവാസൻ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയോടും വിരോധമില്ല. ട്വന്റി-ട്വന്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുത്. ഇക്കാര്യങ്ങൾ പറഞ്ഞത് കൊണ്ടാകും എന്നെ സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നത്. മത്സരിക്കുന്നില്ല. അതിനായി ആരും എന്നെ സമീപിച്ചിട്ടില്ല.’- ശ്രീനിവാസൻ പറയുന്നു.
‘പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയസംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം ആലോചിക്കും. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയനേതാവ് സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. കേരളത്തിൽ ഭരിക്കുന്ന മുന്നണികൾ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. സാധാരണക്കാരന്റെ ബലഹീനത മുതലെടുത്താണ് അവർ ഭരണം നടത്തുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒന്നാണ്. ഇത്തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് എന്നെ രാഷ്ട്രീയവിരോധിയാക്കി മാറ്റുകയാണ്.’- ശ്രീനിവാസൻ ആരോപിച്ചു.
Leave a Reply