ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.

തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.

അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.