എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി. രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെക്കുറിച്ച് അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നീ നോവലുകളും അഗ്‌നിമീളേ പുരോഹിതം എന്ന കഥാസമാഹാരവുമാണ് മറ്റു പ്രധാന കൃതികള്‍.

നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ശ്രീരേഖയാണ് ഭാര്യ, മകന്‍ – ഹേമന്ത്.