യിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസെടുത്ത് റെയിൽവേ. 22 വർഷം മുമ്പു നടന്ന സംഭവത്തിലാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ റെയിൽവേ കോടതി ഉത്തരവിട്ടത്. 2413–എ അപ്‌ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ഇതുമൂലം ട്രെയിൻ 25 മിനിറ്റ് വൈകിയെന്നുമാണു കേസ്.

2009ൽ ഇവർക്കെതിരെ റെയിൽവേ കോടതി ഇതേ വിഷയത്തിൽ കേസെടുത്തെന്നും 2010ൽ സെഷൻസ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകൻ എ.കെ.ജെയിൻ പറഞ്ഞു. സ്റ്റണ്ട്മാൻ ടിനു വർമ, സതീഷ് ഷാ എന്നിവർക്കെതിരെയും കേസ് ഉണ്ടായിരുന്നെങ്കിലും ഇവർ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തില്ല. 1997ൽ നടന്ന സംഭവത്തിൽ രണ്ടാമതും കേസെടുത്ത കോടതി, 24ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
രാജസ്ഥാനിലെ അജ്മേറിൽ ‘ബജ്‌രങ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.

അന്നു നരേനയിലെ സ്റ്റേഷൻ മാസ്റ്റർ സീതാറാം മലാകർ നൽകിയ പരാതിയാണു കേസിന്റെ അടിസ്ഥാനം. ട്രെയിനിന്റെ ആശയവിനിമയ സംവിധാനം ശല്യപ്പെടുത്തി, മദ്യപിച്ചു ബഹളമുണ്ടാക്കി, റെയിൽവേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി, അതിക്രമിച്ചു കടന്നു തുടങ്ങിയ പരാതികളാണു സിനിമാസംഘത്തിന് എതിരെ ഉന്നയിച്ചത്.