പ്രാസം ഒപ്പിച്ചുള്ള സംസാരശൈലിയിലൂടെ സ്റ്റേജിനേയും ടെലിവിഷൻ പ്രേക്ഷകരേയും ചിരിപ്പിച്ച സാജൻ പള്ളുരുത്തി തന്റെ കഴിഞ്ഞകാലത്തെ ദുരിതങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു സാജൻ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

ഒൻപത് വർഷം എവിടേയും കാണാനേയില്ലായിരുന്നു സാജനെ. എവിടെയായിരുന്നു? എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യത്തിനാണ് സാജൻ മറുപടി പറഞ്ഞത്. സജീവമായി പരിപാടികളുമായി കഴിയുന്നതിനിടെയാണ് കലാരംഗത്തു നിന്നും മാറിനിൽക്കേണ്ടി വന്നത്. അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതോടെയാണ ്എല്ലാം തകിടം മറിഞ്ഞതെന്ന് സാജൻ പറയുന്നു.

ചികിത്സയ്ക്കും മറ്റും ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു സഹോദരനുണ്ട്. അവൻ ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മൾ ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷർ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നെയായിരുന്നു അമ്മയുടെ മരണം. അതിന് ശേഷം ഒൻപത് കൊല്ലം അച്ഛൻ കിടപ്പിലായിരുന്നു. ഒരു മുറിയിൽ അച്ഛനും ഒരു മുറിയിൽ അനിയനും. ഇവരെ നോക്കാൻ വേണ്ടി ഞാൻ അങ്ങ് നിന്നു. ആ ഒൻപത് വർഷം വനവാസമായിരുന്നു.

‘ഒരുപാട് അവസരങ്ങൾ വന്ന കാലമായിരുന്നു അത്. ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാൽ പരിപാടി കഴിഞ്ഞാൽ അടുത്ത ഫ്ളൈറ്റിൽ കയറി നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടിൽ നിന്നും വിളി വന്നാൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെൻഷനായിരുന്നു’- സാജൻ പറയുന്നു.

അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛൻ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ സോഷ്യൽമീഡിയയിൽ ഞാനൊന്ന് മരിച്ചു. ഞാനല്ല മരിച്ചത് കലാഭാവൻ സാജൻ ആണ് മരിച്ചതെന്ന് പറഞ്ഞ് എല്ലാവരേയും മനസിലാക്കി. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത്- സാജൻ പറയുന്നു.