നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം. പ്രതിഭാഗത്തെ അനുകൂലിച്ചാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന വാഗ്ദാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണ്‍ പോലീസില്‍ പരാതി നല്‍കി. പൾസർ സുനിയുടെ സഹ തടവുകാരൻ ജെൻസൺ ആണ് പീച്ചി പൊലീസിനു പരാതി നൽകിയത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂലമാക്കാൻ അഭിഭാഷകനാണ് ഇടപെട്ടതെന്നു ജെൻസൺ പറയുന്നു. എന്നാൽ, പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു പീച്ചി പൊലീസ് അറിയിച്ചു.ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസര്‍ ആണ് വിളിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവച്ചു. അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സര്‍ക്കാരിന്‍റെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച വിചാരണ പുനരാരംഭിച്ചപ്പോള്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ച കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലുള്ള ജഡ്ജിയുടെ അടുത്തുനിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്.

എന്നാൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി. പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു.