നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രവെച്ച കവറിലായിരിക്കും തെളിവുകള്‍ ഹാജരാക്കുക. കേസിലെ നിര്‍ണായക തെളിവായ മൊബൈലിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് കണ്ടേത്തണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.

ദിലീപ് കുറ്റക്കാരനല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും രേഖകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കുന്നത്. ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകളും ദൃശ്യങ്ങളും ഇതിനൊപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് 44 ദിവസമായി ജയിലിലാണ്. ഇന്നാണ് റിമാന്‍ഡ് കാലവധി അവസാനിക്കുന്നതും.