നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അകത്തായിട്ട് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കേരള ജനതയ്ക്ക് ഉറപ്പിക്കാന്‍ ഒരു ഉത്തരം നല്‍കാതെ അന്വേഷണം നീണ്ടു പോവുകയാണ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാക്‌പോരുകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം ദിലീപ് നാലാം തവണയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അങ്കമായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച നാലാം ജാമ്യ ഹര്‍ജിയുടെ വിധി നാളെ അറിയാം.

നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നടി എതിര്‍ത്താല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പോലീസ് വ്യക്തമാക്കി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്.

അടച്ചിട്ട മുറിയിലായിരുന്നു കോടതിനടപടികള്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടി. ശനിയാഴ്ചയായിരുന്നു റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അത് ഏത് ദിശയില്‍ പിടിക്കണമെന്നും ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കി. വിവാഹമോതിരത്തിന്റെയും നടിയുടെ കഴുത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു. പിഴവില്ലാതെ നടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങള്‍’പകര്‍ത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും സുനിയെ ബോധ്യപ്പെടുത്തിയ ദിലീപ്, സംഭവത്തിനുശേഷം സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.