നടി ആക്രമണത്തിനിരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് നടി ആക്രമണത്തിനിരയായത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ അങ്കമാലി കോടതിയുടെ ഉത്തരവായി. കാക്കനാട് സബ് ജയിലില്‍ നിന്ന് മാറ്റണമെന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നു. കാക്കനാട് ജയിലില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് സുനി അറിയിച്ചതിനെ തുടര്‍ന്നാണ് വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവായത്.ജയില്‍ സൂപ്രണ്ടിനോട് പോലും പറയാന്‍ കഴിയില്ലെന്നും കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയെ അറിയിച്ചു.

അതെസമയം വീഡിയോ കോണ്‍ഫറന്‍സിനുളള സൗകര്യാര്‍ത്ഥമാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുനി മാഡം ആരാണെന്ന് വെളിപ്പെടുത്തിയാല്‍ അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ പൊലീസിന് ഇതേറെ തലവേദനയാക്കും. കൂടാതെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തുളള സുരക്ഷാ പ്രശ്‌നങ്ങളും പൊലീസ് പരിഗണിച്ചിരുന്നു. കോടതി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകും.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയവെ തനിക്ക് മര്‍ദ്ദനമേറ്റെന്ന് സുനി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി സുനി നല്‍കിയ ഹര്‍ജിയാണ് അങ്കമാലി കോടതി ഇന്ന് പരിഗണിച്ചത്. ഇതിനായിട്ടാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയതും. കനത്ത സുരക്ഷാവലയത്തിലാണ് സുനിയെ പൊലീസ് കോടതിമുറിക്കുളളില്‍ എത്തിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ ഇന്നലെ എത്തിച്ചപ്പോള്‍ അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ കേസിലെ മാഡം ആരാണെന്ന് പറയാമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ നീക്കത്തിന് തടയിട്ടു. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ കാക്കനാട്ടെ സബ്ജയിലിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.