ലെന എന്ന നടിയെ മലയാളികള്‍ ആദ്യം കണ്ടത് ചില ആല്‍ബങ്ങളിലൂടെ ആയിരുന്നു. പിന്നെ ഒരു ഇടവേളയ്ക്കു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന ഹിറ്റ്‌ സീരിയലില്‍ ലെന എത്തി. അതോടെയാണ് ലെന കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ആയത്. വൈകാതെ ലെനയ്ക് സിനിമയില്‍ തിരക്കേറി. ഏതു കഥാപാത്രവും ലെനയുടെ കൈയ്യില്‍ ഭദ്രമാണെന്ന് പറയാം. തന്റെ സ്വകാര്യജീവിതത്തെ കുറിച്ചു അധികം തുറന്നു പറയാത്ത നടിയാണ് ലെന. താന്‍ വിവാഹമോചിതയാണെന്ന് പോലും ലെന അടുത്തിടെയാണ് വെളിപെടുത്തിയത്.

ആറാംക്‌ളാസ് മുതൽ തുടങ്ങിയ പ്രണയം വളർന്നുവളർന്ന് വിവാഹംവരെയെത്തുകയും എന്നാൽ അൽപകാലംകൊണ്ട് അത് വേർപിരിയലിൽ കലാശിക്കുകയും ചെയ്ത ജീവിതകഥയാണ് നടി ലെനയ്ക്കുള്ളത്. അഭിലാഷുമായി വേർപിരിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ പ്രണയമുണ്ടെന്ന് നേരത്തെ ലെന തുറന്നു പറഞ്ഞിരുന്നു. സിനിമാലോകത്ത് പ്രണയവിവാഹവും വിവാഹമോചനവും വലിയ വാർത്തയല്ലെങ്കിലും ചെറുപ്പത്തിലേ തുടങ്ങിയ പ്രണയം വിവാഹംവരെയെത്തുകയും പക്ഷേ അൽപകാലംകൊണ്ട് വേർപിരിയലിൽ അവസാനിക്കുകയും ചെയ്തത് ചർച്ചയായിരുന്നു.

വിവാഹത്തെക്കുറിച്ചും തുടർന്നു ബംഗലൂരുവിലേക്ക് കൂടുമാറിയതിനെ കുറിച്ചും ആദ്യ സീരിയല്‍ ആയ  ഓമനത്തിങ്കൾ പക്ഷിയിലെ ജാൻസിയെ കുറിച്ചും മനസ്സുതുറക്കുകയാണ് ലെന.  ഒരു വാരികയില്‍  എഴുതുന്ന രണ്ടാംഭാവം എന്ന കോളത്തിലാണ് ലെന ഇക്കാര്യങ്ങൾ പറഞ്ഞത്. അത് ഇപ്രകാരം:

കൂട്ടിന്റെ ഷൂട്ടിങ് തീർത്ത് ലൊക്കേഷനിൽ നിന്ന് ഞാൻ നേരെ പോയത് കതിർമണ്ഡപത്തിലേക്കാണ്. അൽപ്പം സാഹിത്യപരമായി പറഞ്ഞെങ്കിലും സംഭവിച്ചത് ഏകദേശം അങ്ങനെ തന്നെയാണ്. ഷൂട്ടിനിടയിൽ തന്നെ വീട്ടുകാർ പരസ്പരം ആലോചിച്ച് ഞാനും അഭിലാഷുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ 2004 ജനുവരിയിൽ വീട്ടുകാരുടെ സമക്ഷത്തിൽ ഞാനും അഭിലാഷുമായുള്ള വിവാഹം നടന്നു. വെള്ളിത്തിരയിൽ നിന്നോ മറ്റ് മേഖലകളിൽ നിന്നോ ആരെയും ക്ഷണിച്ചിരുന്നില്ല, തികച്ചുമൊരു ഫാമിലി ഫംങ്ഷനായിരുന്നു അത്. അതിനു ശേഷം ഞങ്ങൾ രണ്ടാളും ബംഗലൂരുവിലേക്ക് ഷിഫ്റ്റായി.

സിനിമാഭിനയം തുടരണോ വേണ്ടയോ എന്നൊന്നും അന്ന് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കൂട്ടിന് ശേഷം വേറെ സിനിമകളൊന്നും കമ്മിറ്റ് ചെയ്തതുമില്ല. തികച്ചുമൊരു ഫാമിലി ലൈഫ് മാത്രമായിരുന്നു അക്കാലത്ത്. അങ്ങനെയിരിക്കെ ആ വർഷം അവസാനം എനിക്കൊരു ഓഫർ വന്നു. ഏഷ്യാനെറ്റിലെ പ്രവീൺ ചേട്ടൻ വഴി ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലേക്കായിരുന്നു അത്. ഏഷ്യാനെറ്റിൽ യുവർ ചോയ്‌സൊക്കെ ഒരു കാലത്ത് ഞാൻ ചെയ്തിരുന്നു. അന്നത്തെ പരിചയം വച്ച് പ്രവീൺ ചേട്ടനാണിത് സജസ്റ്റ് ചെയ്തത്. ഞാനാലോചിച്ചപ്പോൾ കൊള്ളാമെന്നു തോന്നി. സിനിമ പോലെയല്ല, കൃത്യ ഷെഡ്യൂളുണ്ട്. അടുപ്പിച്ചുള്ള ഷൂട്ട് കഴിഞ്ഞാൽ കുറച്ച് ബ്രേക്ക് കിട്ടും. ഷൂട്ടിന് വേണ്ടി മാത്രം നാട്ടിലെത്തുക, മൂന്ന്- നാല് ദിവസം ഷൂട്ട് കഴിയുമ്പോൾ ബ്രേക്ക്. അതായിരുന്നു സീരിയലിന്റെ രീതി.

 

അതുവരെ സീരിയലുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പരീക്ഷണമെന്നോണമാണ് ഞാൻ യെസ് പറഞ്ഞത്. മംഗളത്തിലൂടെ ജനപ്രിയ നോവലായി മാറിയ ഓമനത്തിങ്കൾ പക്ഷിക്കുള്ള റീച്ചും, ഏഷ്യാനെറ്റ് എന്ന മികച്ച ചാനലുമൊക്കെ എന്റെ യെസ്സിന് മറ്റ് കാരണങ്ങളായി. കഥ കേട്ടപ്പോൾ എന്റെ കഥാപാത്രത്തിന്റെ ആഴമറിഞ്ഞു. അങ്ങനെ ജാൻസിയിലൂടെ  കുടുംബപ്രേക്ഷകരുടെ മുന്നിലെത്തി എന്ന് ലെന പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ചു ലെന പറയുന്നത് ഇങ്ങനെ:

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്‌കൂളിൽ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയിൽ സൈക്കിളിൽ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാൽ എന്താണെന്ന്. സ്‌കൂളിൽ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോൾ ഞങ്ങളും അത് അംഗീകരിച്ചു. ശരിക്കും ഒരു കാഞ്ചന – മൊയ്തീൻ പ്രണയം പോലെ തമ്മിൽ എന്നും കാണും. സ്‌കൂളിൽ ആരുമറിയാതെ നോക്കും. ഒരേ ക്ലാസിൽ അല്ലാത്തതുകൊണ്ട് ഇടവേളകളിൽ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോൾ ഒരു ചിരി സമ്മാനിക്കും.

ഒരു വർഷം കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും വീട്ടിൽ ഫോൺ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടിൽ ആരെങ്കിലും ഫോണെടുത്താൽ റോങ് നമ്പർ എന്ന് പറഞ്ഞ് കട്ടാക്കും. എട്ടാം ക്ലാസിൽ എത്തിയപ്പോൾ പ്രണയം ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞു. ഈ പ്രായത്തിൽ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങൾ രണ്ടാളും പാലിച്ചു. പത്താം ക്ലാസിൽ സ്‌കൂളിൽ ഫസ്റ്റ് റാങ്ക് ഹോൾഡറായി. ഞാൻ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ഭവൻസിലേക്ക് മാറി. പിന്നെ സംസാരം ഫോണിനെ ആശ്രയിച്ചായിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയ സംസാരങ്ങൾ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതിൽ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന വികാരം- ലെന പറഞ്ഞു.

2004 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളാണ് അഭിലാഷ്. എന്നാൽ തിരിച്ചറിവെത്തുന്നതിന് മുൻപ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോൾ പക്ഷേ, അത് അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു.

read more.. മസ്‌ക്കറ്റിൽ കാണാതായ മലയാളിയുടെ മൃതദേഹം മോര്‍ച്ചറിയില്‍