തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് മീര വാസുദേവ്. ഇപ്പോഴിതാ മീര ഒരു സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താന്‍ വിവാഹിതയായെന്നും കോയമ്പത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മീര പറയുന്നു. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കമാണ് വരന്‍.

വിവാഹച്ചടങ്ങുകളുടെ വീഡിയോ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഏപ്രില്‍ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്‌സ്റ്റര്‍ ചെയ്‌തെന്നും പോസ്റ്റില്‍ മീര പറയുന്നു.

‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും 21/4/2024-ന് കോയമ്പത്തൂരില്‍വെച്ച് വിവാഹിതരാകുകയും ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞാന്‍ വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്‍ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- മീര വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

42 വയസുള്ള മീരയുടെ മൂന്നാം വിവാഹമാണിത്. 2005-ലാണ് വിശാല്‍ അഗര്‍വാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012-ല്‍ മോഡലും നടനുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും അരീഹ എന്നൊരു മകനുണ്ട്.