ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് മുൻകാല തെന്നിന്ത്യൻ ചലച്ചിത്രതാരം മോഹിനിയും.

തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് സിനിമയിലെത്തിയതിന് ശേഷമാണ് പേരു മോഹിനി എന്നായത്.  അഭിനയജീവിതത്തോട് വിട പറഞ്ഞ് വിവാഹം കഴിഞ്ഞ നാളുകള്‍. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം. അതോടൊപ്പം വിഷാദ രോഗവും പിടികൂടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ കീഴില്‍ ചികിത്സയും തേടിയിരുന്നു. വായന പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് ഇക്കാലത്ത് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥങ്ങളും വായിച്ചു. വീട്ടിലെ ജോലിക്കാരിയുടെ പക്കല്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. അന്ന് ബൈബിള്‍ വായിച്ച രാത്രിയില്‍ താന്‍ യേശുവിനെ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും അതാണ് തന്നെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചതെന്നും മോഹിനി സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തുവിനെ സ്‌നേഹിച്ചുതുടങ്ങിയ അവസരത്തില്‍ പോലും ഒന്നിലധികം തവണ മോഹിനി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം യേശു തന്നെ അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്ന് മോഹിനി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു പ്രഭാഷണത്തില്‍ മോഹിനി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. യേശുവിനെ ഞാന്‍ സ്‌നേഹിച്ചത് യേശു എന്നെ സ്‌നഹിച്ചതുകൊണ്ടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ സ്‌നേഹം നമുക്ക് ആഴത്തില്‍ ബോധ്യപ്പെടണം. യേശുവിന്റെ അടുത്ത് ഞാനെത്തിയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഞാന്‍ മരിച്ചുപോകുമായിരുന്നു. യേശുവിന്റെ മകളായി, സുഹൃത്തായി, സഹോദരിയായി ഞാന്‍ ഇന്ന് ജീവിക്കുന്നു. യേശുവിനെ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചുതുടങ്ങിയത്.

ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും. നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

[ot-video]

[/ot-video]