കേരളം ഉള്‍പ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്.

പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തീയതികള്‍ കുറിച്ചുവെച്ചോളൂ.

കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച്‌ 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുൻപാകെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം.

ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു അവധികള്‍ പരിഗണിച്ച്‌ മാർച്ച്‌ 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിർദേശ പത്രിക നല്‍കാനാവില്ല.

ഏപ്രില്‍ അഞ്ചിന് നാമനിർദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.