നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ച സാഹചര്യത്തില്‍ മാപ്പുസാക്ഷികള്‍ അനിവാര്യമെന്ന വിലയിരുത്തലിലേക്ക് അന്വേഷണ സംഘം. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരാകണമെന്നതിനെ കുറിച്ചും പൊലീസ് ആലോചന തുടങ്ങി. ആക്രമത്തിന് ഇരയായ നടിയാകും പ്രധാന സാക്ഷി. സിനിമാക്കാരില്‍ പലരേയും സാക്ഷികളാക്കേണ്ടി വരും.മഞ്ജു വാര്യരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകണമെന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്.

കേസില്‍ ഒക്ടോബര്‍ 8ന് കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. അതിന് മുമ്പ് സാക്ഷികളില്‍ വ്യക്തത വരുത്തും. കാവ്യാ മാധവനും നാദിര്‍ഷായും പ്രതികളാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം കോടതിയെ ബോധ്യപ്പെടുത്താനാണ് ഇത്. പലരും ചോദ്യം ചെയ്യലില്‍ സത്യം പറഞ്ഞു. എന്നാല്‍ കോടതിയിലെത്തുമ്പോള്‍ ദിലീപിന് അനുകൂലമായി മാറുമെന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാനാണ് നീക്കം. കേസില്‍ സാക്ഷി പറയണമെന്ന് മഞ്ജുവിനോട് പൊലീസ് ആവശ്യപ്പെടും. ദിലീപിനെതിരെ മൊഴി നല്‍കിയ അനൂപ് ചന്ദ്രനും പ്രധാന സാക്ഷികളില്‍ ഒരാളാകും. ഇതിനപ്പുറത്ത് രമ്യാ നമ്പീശനും സാക്ഷി പട്ടികയിലെത്തും.

സംവിധായകന്‍ ലാലും കോടതിക്ക് മുന്നില്‍ മൊഴി നല്‍കേണ്ടി വരും. പ്രതികള്‍ അനുകൂലമായി മൊഴി നല്‍കിയ ആരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകില്ല. ഫോണ്‍ വിളികളില്‍ അടിസ്ഥാനമാക്കിയ തെളിവുകള്‍ തന്നെയാകും ദിലീപിനെതിരെ പൊലീസ് നിരത്തുക. രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിര്‍ണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ പലരോടും ദിലീപ് വൈരാഗ്യം തീര്‍ത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നത് പൊലീസ് പരിഗണിക്കും. അതിനിടെ അന്വേഷണ സംഘത്തിന് മാപ്പുസാക്ഷികളെ കിട്ടാതിരിക്കാന്‍ പ്രതിഭാഗവും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പൊലീസുകാരന്‍ എന്നിവരേയും മാപ്പുസാക്ഷികളാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വക്കീലന്മാരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലത് എന്ന്
പൊലീസിന് ഉപദേശം ലഭിച്ചു. അതിനിടെ മൊബൈല്‍ ഫോണ്‍ എന്ന നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനായും പൊലീസ് നിയമോപദേശം തേടി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാല്‍ പീഡനം നടന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതല്‍ കിട്ടിയില്ലെങ്കിലും കേസ് ദുര്‍ബ്ബലമാകില്ലെന്നാണ് സൂചന.

കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണ് പൊലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കില്ല. പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ദിലീപ് ജയിലില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതിന് മുന്‍പേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. നടിയെ ആക്രമിച്ചകേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനോടകം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്നു. ഇതില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ദിലീപിനെ കൂടാതെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരും ആസൂത്രണത്തില്‍ പങ്കാളികളായിരുന്നവരും ആരൊക്കെയാണ് എന്നാണ് പരിശോധിക്കുന്നത്. കാവ്യയും നാദിര്‍ഷായും അടക്കം 15 പേര്‍ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കില്‍ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്തംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.

അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കാത്തത് നിയമപരമല്ലെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യേണ്ട രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കായി അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുള്‍പ്പെടെയുള്ള പ്രോജക്ടുകളെ ജയില്‍ ജീവിതം ബാധിക്കും. അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപ് തന്നെ കണ്ടിട്ടു പോലുമില്ല. കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാമെന്നും ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ അഭ്യര്‍ത്ഥന. നടിയുടെ അശ്ലീലചിത്രം പകര്‍ത്താന്‍ നിര്‍ദ്ദേശിച്ചെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണമെന്നും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതു കോടതി തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. വ്യക്തിവിരോധമുള്ള ചില ഉന്നതര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് കേസില്‍ കുടുക്കിയത്. തനിക്കെതിരെ വ്യക്തി വിരോധമുള്ളവരാണ് ആരോപണത്തിനു പിന്നില്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തി. തന്റെ വിവാഹമോചന ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരാന്‍ പ്രയത്‌നിച്ചു.
ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് മുംബൈ ഗ്രൂപ്പ് പിന്മാറിയത് താന്‍ നിമിത്തമാണെന്ന ധാരണയില്‍ അയാള്‍ക്ക് ശത്രുതയുണ്ട്. തന്റെ ആദ്യ ഭാര്യയായ മഞ്ജുവിന് അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള എഡിജിപിയുമായി അടുപ്പമുണ്ട്. കേസിന്റെ അന്വേഷണച്ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് അന്വേഷണം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.