ദിലീപിന്റെ അറസ്റ്റിനു പിന്നാലെ തന്റെ പേരില്‍ ഉയരുന്ന ചില ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. തനിക്കു നേരെയുണ്ടായ ആക്രകമണത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട ആരുമായും തനിക്ക് ഭൂമി ഇടപാട് ഇല്ലെന്നും നടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണ വിധേയന്റെ പ്രസ്താവനയും കണ്ടു. അതും പോലീസ് അന്വേഷിക്കട്ടെ. നിരപരാധിയാണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരമെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.

ഒരു ചാനലില്‍ വന്നിരുന്ന് ഇക്കാര്യം പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഫെബ്രുവരി17ന് എനിക്ക് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു. അത് സത്യസന്ധതയോടെ കേരള പോലീസിനെ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ ഞെട്ടലോടെയാണ് താന്‍ കേട്ടത്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ ഭിന്നതയെ തുടര്‍ന്ന് ആ ബന്ധം മുറിഞ്ഞത് വാസ്തവം തന്നെ. ഇത് മുന്‍പും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റ് ബിസിനസ് ബന്ധങ്ങള്‍ ഒന്നുമില്ല. തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതു പറയേണ്ടിവന്നത് എന്നും നടി വ്യക്തമാക്കി.