‘ഈശ്വരനിലും എന്ന പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരിലും എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന പ്രിയപ്പെട്ടവരിലും മാത്രം വിശ്വാസമര്‍പ്പിച്ചാണ് ഞാന്‍ ഐസി.യുവില്‍ കഴിഞ്ഞത്…”- കോവിഡ് രോഗമുക്തയായി ആശുപത്രി വിട്ടതിന് പിന്നാലെ സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ പറയുന്നു.
സെപ്റ്റംബര്‍ 4-ാംതീയതി ഞാന്‍ കാലടിയില്‍ ഒരു വര്‍ക്കിന് പോയിരുന്നു അവിടെ വച്ചാണ് രോഗം പിടികൂടിയതെന്നു തോന്നുന്നുവെന്ന് സീമ പറഞ്ഞു. 8ാം തീയതി ചെറിയ ചുമ തുടങ്ങി. 9 നു രാത്രി ഷൂട്ടിന് വേണ്ടി തിരികെ ചെന്നൈയിലേക്കു പോയി. 10-ാം തീയതി ഷൂട്ടില്‍ ജോയിന്‍ ചെയ്തു. 11ാം തീയതി ശരീരത്തിനു ചെറിയ അസ്വസ്ഥത തോന്നി.
എങ്ങനെയെങ്കിലും ഹോസ്പിറ്റലില്‍ കൊണ്ടു പോകണം എന്ന് പ്രൊഡ്യൂസറോട് പറഞ്ഞു. അവര്‍ എന്നെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തിരികെ റൂമിലെത്തിയിട്ടും ആരോഗ്യ സ്ഥിതി മോശമായിരുന്നു. എനിക്കെത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി എന്നായി.
ഈ അവസ്ഥയില്‍ ചെന്നൈയില്‍ താമസിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നല്‍. എത്രയും വേഗം നാട്ടില്‍ എത്തണമെന്ന് ഞാന്‍ വാശി പിടിച്ചു. ആദ്യം വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിന്‍ ഷിപ് യാര്‍ഡിലെ സി.എസ്.ആര്‍ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു.
അതോടെ കാര്യങ്ങള്‍ക്ക് വേഗത്തിലായി. എറണാകുളത്തെ കോവിഡ് ചികിത്സയുടെ ചാര്‍ജുള്ള ഡോ. അതുലിനെ വിളിച്ചു സംസാരിക്കുന്നു. അങ്ങനെ ചെന്നൈയില്‍ നിന്നു കൊച്ചിയിലേക്കു മടങ്ങിയെന്ന് സീമ ജി നായര്‍ പറയുന്നു. 4ാം തീയതി രാത്രി മുതല്‍ 25ാം തീയതി വരെ കളമശേരി മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ കഴിഞ്ഞു.
കളമശേരിയില്‍ അഡ്മിറ്റ് ആയ ശേഷമാണ് കോവിഡ് പോസീറ്റീവ് ആണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഷുഗര്‍ കൂടിയെന്നും മനസ്സിലായത്. 14ാം തീയതി രാത്രി മുതല്‍ ഓക്‌സിജന്‍ ലെവലും കുറഞ്ഞു തുടങ്ങി. ആര്‍.എം.ഒ ഗണേഷ് മോഹന്‍ സാറിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നോക്കിയത്.
ചെന്നൈയില്‍ വച്ചും എറണാകുളത്തെ ആദ്യത്തെ ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു. പക്ഷേ, ഡോക്ടര്‍ അതുല്‍ ഒരു ടെസ്റ്റ് കൂടി നടത്താം എന്നു പറഞ്ഞു. അങ്ങനെയാണ് 14ാം തീയതി രാത്രി പരിശോധനയ്ക്കായി കളമശേരിയില്‍ എത്തിയതെന്നും സീമ കൂട്ടിച്ചേര്‍ത്തു.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മോന് ആരുണ്ട് എന്നതായിരുന്നു അപ്പോള്‍ എന്റെ ചിന്ത. ദീപക് ദേവും ഹൈബി ഈഡനും എന്നെ വിളിച്ച് ഒപ്പമുണ്ടാകും എന്നു ധൈര്യം തന്നു. ഐ.സി.യുവിലേക്ക് മാറ്റിയ ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. പക്ഷേ ന്യുമോണിയയും ഷുഗറും കൂടി ആയപ്പോള്‍ തകര്‍ന്നു പോയിരുന്നുവെന്നും താരം പറഞ്ഞു.
ആത്മവിശ്വാസം നഷ്ടപ്പെട്ടു. ടെന്‍ഷന്‍ കൂടി. ആരുമായും സംസാരിക്കാന്‍ പറ്റില്ല, മെസേജ് അയക്കാന്‍ പറ്റില്ല. ആകെ ഒറ്റപ്പെട്ടു. അതിനു ശേഷം ഞാന്‍ ദൈവത്തില്‍ മാത്രം മനസ്സര്‍പ്പിച്ച് യൂട്യൂബില്‍ മോട്ടിവേഷന്‍ വിഡിയോസ് കണ്ടു കൊണ്ടിരുന്നു. പതിയെപ്പതിയെ ഞാന്‍ തിരികെ വന്നു. കോവിഡ് നെഗറ്റീവ് ആയെന്നു അറിഞ്ഞ ദിവസം ജീവിതത്തില്‍ രണ്ടാം ജന്‍മം കിട്ടിയ പോലെയായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു.
Leave a Reply