നടി, അവതാരിക,ഹാസ്യതാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിട്ടുള്ള താരമാണ് സുബി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ സുബി സുരേഷ് പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദന് ഞാന്‍ എഴുതിയ പ്രണയലേഖനം..ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്ന കുറിപ്പൊടെ പങ്കുവച്ച ഒരു പ്രേമലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രസകരമായ സുബിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണിക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്റെ ഉണ്ണിയേട്ടന് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമാപ്പേരുകള്‍ ചേര്‍ത്താണ് കത്ത് എഴുതിയിട്ടുള്ളത്. 1993 ബോംബെ മാര്‍ച്ച് 12 അന്ന് മുതലാണ് ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റര്‍പീസ്. അക്കാര്യത്തില്‍ ചേട്ടനൊരു കില്ലാഡിയാ. മല്ലുസിംഗ് കണ്ടപ്പോള്‍ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിന്റാണെന്ന് മനസിലായത്.

നമ്മുടെ കല്യാണം നടന്നാല്‍ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കില്‍ ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ?. അതിന് വേണ്ടി 21 ബേക്കര്‍ സ്ട്രീറ്റിലെ ജനതഗാരേജിന്റെ പതിനെട്ടുപടിയും തുറന്നിട്ട് ഞാന്‍ കുത്തിയിരിക്കും.

ചേട്ടന്‍ വന്നാല്‍ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാര്‍ത്തായ. ശ്ശൊ എനിക്ക് നാണം വരുന്നു, ഞാനിത് വായിക്കുമ്പോള് ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാന്‍ കാണുന്നുണ്ട്. നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞ് ഞാന്‍ സമ്മതിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനും പറഞ്ഞ് സമ്മതിപ്പിക്കണം. എന്നിട്ട് നമ്മുടെ അച്ചായന്‍സ് തീരുമാനിക്കും നമ്മുടെ കല്യാണം. എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി എന്നാണ് കത്തില്‍ സുബി പറഞ്ഞിരിക്കുന്നത്.

അതേസമയം സംഭവം എന്താണെന്ന് ആരാധകര്‍ക്ക് കത്തിയിട്ടില്ല. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനാണോ ഇതെന്നുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ ഉയരുന്നത്. രസകരമായ കമന്റുകളും എത്തുന്നുണ്ട്.