തന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിത വ്യാജ അശ്ലീല വീഡിയോയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി നടി സുനൈന. തന്റെ മുഖം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത വീഡിയോ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇത് കടുത്ത ഞെട്ടലും വെറുപ്പുമുണ്ടാക്കിയെന്നും താരം വ്യക്തമാക്കി. വീഡിയോയുടെ നിർമാണത്തെയും പ്രചാരണത്തെയും ശക്തമായി അപലപിച്ച സുനൈന, തന്റെ അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ സൃഷ്ടിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.
തന്റെ വ്യക്തിത്വത്തിന്റെയും സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണ് ഇത്തരം പ്രവൃത്തിയെന്ന് സുനൈന പ്രതികരിച്ചു. എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ദൃശ്യങ്ങൾ ലൈംഗികാതിക്രമത്തിന് തുല്യമാണെന്നും അപകീർത്തികരമാണെന്നും ചൂണ്ടിക്കാട്ടിയ താരം, 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2023-ലെ ഭാരതീയ ന്യായ സംഹിത എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. വീഡിയോ നിർമിച്ചവർക്കും അപ്ലോഡ് ചെയ്തവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്നും ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. വീഡിയോ ഷെയർ ചെയ്യുന്നതും റീപോസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കണമെന്നും താരം അഭ്യർഥിച്ചു.
ചലച്ചിത്രമേഖലയിൽ എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ താരങ്ങൾ രംഗത്തെത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. അടുത്തിടെ ജാൻവി കപൂറിന്റെയും ജൂനിയർ എൻടിആറിന്റെയും ചിത്രങ്ങൾ ഉപയോഗിച്ച് ‘ചുട്ടമല്ലെ’ ഗാനവുമായി ബന്ധപ്പെട്ട് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. രശ്മിക മന്ദാന, കീർത്തി സുരേഷ് തുടങ്ങിയ താരങ്ങളും സമാനമായ വിഷയങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. സിനിമകളിലൂടെയും വെബ് പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ സുനൈനയുടെ പ്രതികരണം, വ്യക്തികളുടെ മുഖവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ച് വ്യാജ ലൈംഗിക ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഗൗരവം വീണ്ടും ചർച്ചയാക്കുകയാണ്.











Leave a Reply