സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുന്നത് ചുരുളി എന്ന ചിത്രത്തെ കുറിച്ചാണ് . ലിജോ ജോസ് പെല്ലശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ സംഭാഷണമാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി സീനത്തിന്റ വാക്കുകളാണ്. ചുരുളി കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അല്‍പ്പം കടന്നുപോയി എങ്കിലും ചിത്രം ഏറെ രസിപ്പിച്ചെന്ന് സീനത്ത് പറയുന്നത്.

സീനത്തിന്റെ വാക്കുകൾ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പൂതിരിയുടെയും മാടന്‍റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ ഷാജീവൻ, ആന്‍റണി എന്നീ രണ്ടു പൊലീസുകാർക്കൊപ്പം ചുരുളിയിലേക്കു പോയി.

റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലേക്കുള്ള യാത്ര. ജീപ്പിന്‍റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന്- കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ.

പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആർക്കും അവിടംവിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി തലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ.. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ്‌ ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരിൽ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയിൽ ചുമന്ന്. മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ്‌ ചുരുളി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്‍റണിയെ ചികിൽസിച്ച പുരുഷന്‍റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നൽകി. ജോജോ- സൗബിൻ- വിനയ് ഫോർട്ട്- ചെമ്പൻ വിനോദ്- ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.

സിനിമയേക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാർ തെറിപറഞ്ഞത് എന്ന് ചോതിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ, അവരെ മാനസികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലിസ്. ചുരുളിക്കാർ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ… സീനത്ത് കുറിച്ചു